Zygo-Ad

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാവീഴ്ച; സ്വർണ്ണക്കട്ടികളും അമൂല്യ ആഭരണങ്ങളും കാണാനില്ലെന്ന് ഡിജിപിയുടെ റിപ്പോർട്ട്

 


തിരുവനന്തപുരം: ലോകപ്രശസ്തമായ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. ക്ഷേത്രത്തിലെ കാണിക്കയായി ലഭിച്ച ഏകദേശം 78 ഗ്രാം സ്വർണ്ണക്കട്ടികളും നാണയങ്ങളും കാണാതായതായി കണ്ടെത്തി. ഇതിന് പുറമെ കോടികൾ വിലമതിക്കുന്ന അമൂല്യവസ്തുക്കളും കാണാനില്ലെന്നാണ് വിവരം. അറ്റകുറ്റപ്പണികൾക്കായി മാറ്റിയ സ്വർണ്ണ വിളക്ക് പിന്നീട് കാണാതാവുകയും പകരം ഔദ്യോഗിക രേഖകളൊന്നുമില്ലാതെ വെള്ളി വിളക്ക് സ്ഥാപിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ക്ഷേത്രത്തിലെ അമൂല്യ ആഭരണങ്ങളിലൊന്നായ വൈര നമ ആറ് മാസമായി കാണാനില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ക്ഷേത്രത്തിൽ ഗുരുതരമായ സുരക്ഷാവീഴ്ചകൾ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിന്റെ പകർപ്പ് പുറത്തായതോടെയാണ് വിവരങ്ങൾ പൊതുജനമധ്യത്തിൽ എത്തിയത്. ഇൻ്റലിജൻസ് വിഭാഗം നൽകിയ റിപ്പോർട്ടിൻ്റ അടിസ്ഥാനത്തിലാണ് ഡിജിപി സർക്കാരിന് കത്തുനൽകിയത്.

ക്ഷേത്രത്തിലെ ചില ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും രാജകുടുംബവുമായി അടുപ്പമുള്ളവരും സുരക്ഷാ പരിശോധനകൾ പൂർണ്ണമായി ഒഴിവാക്കി മറ്റൊരു പ്രവേശന കവാടത്തിലൂടെ ക്ഷേത്രത്തിലേക്ക് കടക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജകുടുംബാംഗമായ ആദിത്യവർമ്മയുമായി ബന്ധമുള്ള ചില വ്യക്തികൾ സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ക്ഷേത്രത്തിൽ കയറുന്നുണ്ടെന്നും ഡിജിപിയുടെ കത്തിലുണ്ട്. നിലവിലെ സാഹചര്യത്തിൽ ക്ഷേത്രത്തിലെ സ്വർണകട്ടികൾ സൂക്ഷിക്കുന്നതടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങളിൽ അടിയന്തരമായി മാറ്റം വരുത്തണമെന്ന് ഡിജിപി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.


 

വളരെ പുതിയ വളരെ പഴയ