കണ്ണൂർ: തെക്ക് പടിഞ്ഞാറൻ കാലവർഷം അറബിക്കടലിൽ എത്തിയതായി കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. നിലവിൽ തെക്ക് കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് ഭാഗങ്ങളിൽ കാലവർഷം എത്തിയതോടെ ജൂൺ ആദ്യ വാരത്തിൽ തന്നെ ഇത് കേരള തീരത്തേക്ക് പ്രവേശിക്കുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസങ്ങളിൽ ആൻഡമാനിലും ശ്രീലങ്കയിലും കാലവർഷ കാറ്റ് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അറബിക്കടലിലേക്കും മഴക്കാറ്റുകൾ വ്യാപിക്കുന്നത്.
നിലവിൽ അറബിക്കടലിൽ സംവഹന പ്രക്രിയ ശക്തമല്ലാത്തതും പടിഞ്ഞാറൻ കാറ്റിന്റെ വേഗത കുറഞ്ഞതുമാണ് കാലവർഷം കേരള തീരത്തേക്ക് എത്തുന്നതിൽ നേരിയ താമസം വരുത്തുന്നത്. എന്നാൽ വരും ദിവസങ്ങളിൽ കാറ്റ് ശക്തമാകുമെന്നും ഇതോടെ കേരളത്തിൽ വ്യാപകമായ മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രതീക്ഷ.
