Zygo-Ad

റെയില്‍വേ യാത്രക്കാരുടെ ഭക്ഷണ നിരക്കുകള്‍ ജൂണ്‍ ഒന്ന് മുതല്‍ വര്‍ധിപ്പിക്കാൻ തീരുമാനം


തിരുവനന്തപുരം: ജൂൺ ഒന്ന് മുതല്‍ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ നിരക്കുകള്‍ വർധിപ്പിക്കാൻ തീരുമാനം. ഇറാൻ യുദ്ധത്തെ തുടർന്ന് ഇന്ധന-വാതക വിലയില്‍ ഉണ്ടായ വർധനവാണ് നിരക്കുകള്‍ വർധിപ്പിക്കാൻ കാരണം.

മേയ് 25 ന് ചീഫ് കൊമോഴ്സ്യല്‍ മാനേജരുടെ ഓഫീസാണ് ഈ ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്. സെൻട്രല്‍ റെയില്‍വേയുടെ പുതുക്കിയ മെനുവും നിരക്കുകളുമാണ് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിപ്പില്‍ പറയുന്നത്.

 മുംബൈ, ഭുസാവല്‍, നാഗ്പൂർ, സോലാപൂർ, പൂനെ ഡിവിഷനുകള്‍ ഉള്‍പ്പെടെയുള്ള സെൻട്രല്‍ റെയില്‍വേയുടെ പരിധിയിലുള്ള കാറ്ററിംഗ് യൂണിറ്റുകളിലാണ് ഈ മാറ്റം ബാധകമാകുന്നത്.

പുതിയ മാറ്റങ്ങള്‍ പ്രകാരം വടാപ്പാവിന്റെ വില 13 രൂപയില്‍ നിന്ന് 20 രൂപയായും, സമൂസയുടെ വില 12 രൂപയില്‍ നിന്ന് 20 രൂപയായും, രഗ്ഡാ പാവ് വില 20 രൂപയില്‍ നിന്ന് 25 രൂപയായും ഉയരും. 

ഇതോടൊപ്പം ഭക്ഷണത്തിന്റെ അളവ് പുനഃപരിശോധിക്കാനും തീരുമാനമുണ്ട്. യാത്രക്കാർക്കായി സ്ലഷ് ഡ്രിങ്കുകള്‍, ക്രീം ഡോനട്ട്സ്, സൂപ്പ്, ദോശ, നൂഡില്‍സ് എന്നിവ പുതുതായി മെനുവില്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

പുതിയ മെനുവും അതിന്റെ വിലയും രണ്ട് ഭാഷകളില്‍ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. വില കൂടുന്നതിന് അനുസരിച്ച്‌ നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം കൂട്ടണമെന്നും ലൈസൻസികള്‍ക്ക് നിർദ്ദേശമുണ്ട്.

 വില വർധന നടപ്പിലാക്കി 6 മാസം പിന്നിടുമ്പോള്‍ ഡിവിഷനുകള്‍ വില്‍പന വിലയിരുത്തണമെന്നും അതിനനുസരിച്ച്‌ ലൈസൻസ് ഫീസ് പുനഃപരിശോധിക്കാമെന്നും സർക്കുലറില്‍ പറയുന്നു. 

സെൻട്രല്‍ റെയില്‍വേ സ്റ്റേഷനുകളിലെ ചെറിയ കാറ്ററിംഗ് യൂണിറ്റുകളില്‍ വില്‍ക്കുന്ന ആ ല കാർട്ടെ ഭക്ഷണ സാധനങ്ങള്‍ക്കാണ് ഈ പുതുക്കിയ നിരക്കുകള്‍ ബാധകമാകുന്നത്. അതേ സമയം, നിലവിലുള്ള റെയില്‍വേ ബോർഡ് മാർഗ്ഗനിർദ്ദേശങ്ങള്‍ക്ക് കീഴിലുള്ള സ്റ്റാൻഡേർഡ് മെനു ഇനങ്ങള്‍ നിശ്ചിത നിരക്കില്‍ തന്നെ തുടർന്നും വില്‍ക്കും.

ഇന്ധന വിലയിലുണ്ടായ വർധനവ് പാല്‍, ബ്രെഡ് തുടങ്ങിയ അത്യാവശ്യ സാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്.

 പ്രമുഖ ഡയറി ബ്രാൻഡുകളും ബ്രെഡ് കമ്പനികളും വില വർധിപ്പിച്ചത് കുടുംബ ബഡ്ജറ്റുകളെ സാരമായി ബാധിച്ചു. ഈ മാറ്റങ്ങള്‍ കാരണം മൊത്തത്തിലുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പം 0.42% വരെ ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വളരെ പുതിയ വളരെ പഴയ