രാജ്യത്തെ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള നീറ്റ് യുജി പരീക്ഷ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെയാണ് പരീക്ഷാ സമയം ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമായി ആകെ 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. രാവിലെ 11 മണി മുതല്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ടിംഗ് ആരംഭിക്കും. ഒന്നരയ്ക്ക് ശേഷം എത്തുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പരീക്ഷാ കേന്ദ്രങ്ങളായുള്ള സ്കൂളുകളില്‍ ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ പ്രത്യേക പോലീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചോദ്യപേപ്പറുകള്‍ സൂക്ഷിച്ചിരിക്കുന്ന ട്രങ്കുകള്‍ക്കും പരീക്ഷയ്ക്ക് ശേഷമുള്ള ഉത്തരക്കടലാസുകള്‍ അടങ്ങിയ ട്രങ്കുകള്‍ക്കും പ്രത്യേക സുരക്ഷ നല്‍കും. പരീക്ഷാ കേന്ദ്രങ്ങളില്‍ തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കാന്‍ കെഎസ്ഇബിക്കും ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കെഎസ്ആര്‍ടിസിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷ സുഗമമായി നടത്തുന്നതിന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുമെന്ന് പരീക്ഷാ സൂപ്രണ്ടുമാര്‍ വ്യക്തമാക്കി.
