സംസ്ഥാനത്ത് നാളെ വോട്ടെണ്ണൽ നടക്കും. രാവിലെ 8.30 മുതൽ തന്നെ ആദ്യ ഫലസൂചനകൾ ലഭ്യമായിത്തുടങ്ങും. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങൾ ഒഴികെയുള്ള ഇടങ്ങളിലെ കൃത്യമായ സൂചനകൾ രാവിലെ 9 മണിയോടെ പുറത്തുവരും. രാവിലെ 10 മണിയോടെ കേരളം ആര് ഭരിക്കുമെന്ന കാര്യത്തിൽ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തെ 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണലിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ ആറ് മണിക്ക് വോട്ടെണ്ണൽ പ്രക്രിയയുടെ ആദ്യഘട്ടമായ സ്ട്രോങ്ങ് റൂം തുറക്കൽ നടപടികൾ ആരംഭിക്കും. സ്ഥാനാർത്ഥികളുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ ഒബ്സർവറുടെ സാക്ഷ്യപത്രത്തോടെ വീഡിയോ റെക്കോർഡിംഗോട് കൂടിയാണ് സ്ട്രോങ്ങ് റൂമുകൾ തുറക്കുക. തുടർന്ന് കനത്ത സുരക്ഷയോടെയും സിസിടിവി നിരീക്ഷണത്തോടെയും വോട്ടിംഗ് മെഷീനുകൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് മാറ്റും.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആദ്യം എണ്ണുന്നത് തപാൽ വോട്ടുകളാണ്. 500 തപാൽ വോട്ടുകൾക്ക് ഒരു ടേബിൾ എന്ന നിലയിലാണ് ക്രമീകരണം. ഒരു മണ്ഡലത്തിൽ 2500 തപാൽ വോട്ടുകൾ ഉണ്ടെങ്കിൽ അഞ്ച് ടേബിളുകൾ ഇതിനായി സജ്ജീകരിക്കും. ഓരോ ടേബിളിലും ഒരു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ വീതം മേൽനോട്ടം വഹിക്കും. രാവിലെ 8.30ന് ഇവിഎമ്മുകൾ എണ്ണിത്തുടങ്ങും. ആ സമയത്തും തപാൽ വോട്ടുകൾ എണ്ണിത്തീർന്നിട്ടില്ലെങ്കിൽ ഒരു ഭാഗത്ത് ആ നടപടികൾ തുടരും.
ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകൾ എണ്ണാൻ ഓരോ ഹാളിലും ഏഴ് മുതൽ പരമാവധി 14 വരെ ടേബിളുകൾ ഉണ്ടാകും. ഒരു ടേബിളിൽ ഒരു സമയം ഒരു ഇവിഎം എന്ന നിലയിലാണ് എണ്ണുക. തർക്കങ്ങളില്ലെങ്കിൽ ഒരു മെഷീൻ എണ്ണിത്തീർക്കാൻ അഞ്ച് മുതൽ എട്ട് മിനിറ്റ് വരെ സമയം എടുക്കും. വോട്ടെണ്ണൽ ഹാളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സ്ഥാനാർത്ഥികളും ഏജന്റുമാരും ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കാണിക്കണം. വോട്ടെണ്ണൽ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഇവർ ഹാജരാകണം.
കൃത്യത ഉറപ്പാക്കുന്നതിനായി ഓരോ റൗണ്ടിലും രണ്ട് ഇവിഎമ്മുകൾ റാൻഡമായി എണ്ണും. കൂടാതെ ഓരോ മണ്ഡലത്തിലും അഞ്ചു ബൂത്തുകളിലെ വീതം വിവിപാറ്റും നിർബന്ധമായും എണ്ണും. ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ പരമാവധി 25 കൗണ്ടിംഗ് ഏജന്റുമാരെ വരെ രാഷ്ട്രീയ പാർട്ടികൾക്ക് നിയോഗിക്കാം. വോട്ടെണ്ണൽ തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ കൃത്യമായ സൂചനകൾ ലഭിക്കും. 11 മണിയോടെ പൂർണ്ണമായ ചിത്രം വ്യക്തമാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുള്ളത്.
വോട്ടെണ്ണൽ ജോലികൾക്കായി 15,465 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിൽ 140 ആർഒമാർ, 1,340 അഡീഷണൽ എആർഒമാർ, 4,208 മൈക്രോ ഒബ്സർവർമാർ, 4,208 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 5,563 കൗണ്ടിംഗ് അസിസ്റ്റന്റുമാർ എന്നിവർ ഉൾപ്പെടുന്നു.
