തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിൽ സ്കൂളുകൾ തുറക്കാനിരിക്കെ കുട്ടികളുടെ സുരക്ഷ മുൻനിർത്തിയും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി മോട്ടോർ വാഹനവകുപ്പ് കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്കൂൾ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്കുമാണ് എംവിഡി പുതിയ മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്.
സ്കൂൾ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്കായി പുറത്തിറക്കിയ പ്രധാന നിർദേശങ്ങൾ താഴെ പറയുന്നവയാണ്:
സ്കൂൾ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് അവർ നിലവിൽ ഓടിക്കുന്ന ക്ലാസ് വാഹനങ്ങളിൽ കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
മദ്യപിച്ചു വാഹനം ഓടിച്ചതിനോ, അമിത വേഗതയിൽ അപകടകരമായി വണ്ടി ഓടിച്ചതിനോ ഐപിസി 279, 337, 338, 304എ എന്നീ വകുപ്പുകൾ പ്രകാരം ഒരു തവണയെങ്കിലും ശിക്ഷിക്കപ്പെട്ടവർ ആകാൻ പാടില്ല. കൂടാതെ പോക്സോ (POCSO), എൻഡിപിഎസ് (NDPS) തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടവരാകരുത്.
ട്രാഫിക് സിഗ്നലുകളിലെ ചുവന്ന ലൈറ്റ് മറികടക്കുക, ലെയ്ൻ മര്യാദകൾ പാലിക്കാതിരിക്കുക തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾക്ക് രണ്ട് തവണയിലധികം ശിക്ഷിക്കപ്പെട്ടവർക്ക് സ്കൂൾ വാഹനങ്ങൾ ഓടിക്കാൻ അനുമതിയുണ്ടാകില്ല.
ഡ്രൈവർമാർ മുൻപ് മറ്റ് ക്രിമിനൽ കേസുകളിൽ ഒന്നും പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി നിർബന്ധമായും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
ഡ്രൈവർമാർ കറുത്ത പാന്റും വെളുത്ത ഷർട്ടും യൂണിഫോമായി ധരിക്കണം. അതോടൊപ്പം സ്കൂൾ അധികൃതർ നൽകുന്ന ഐഡന്റിറ്റി കാർഡും കൃത്യമായി കൈവശം കരുതേണ്ടതാണ്
