Zygo-Ad

സംസ്ഥാനത്ത് താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ് നിർബന്ധം

 


സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ താൽക്കാലിക അധ്യാപക നിയമന നടപടികൾ കർശനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹൈസ്കൂൾ തലം വരെയുള്ള ക്ലാസുകളിലെ താൽക്കാലിക നിയമനങ്ങൾക്ക് ഇനിമുതൽ അധ്യാപക യോഗ്യതാപരീക്ഷയായ കെടെറ്റ് നിർബന്ധമാക്കും. എല്ലാ അധ്യാപകരും കെടെറ്റ് പാസാകണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം.

ഇതുകൂടാതെ താൽക്കാലിക നിയമനങ്ങളിൽ സംവരണ വ്യവസ്ഥകളും കൃത്യമായി പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശമുണ്ട്. ഒന്നേ ഒന്നിന് (1:1) എന്ന അനുപാതത്തിൽ രണ്ടാമത്തെ ഒഴിവ് പട്ടികവിഭാഗങ്ങൾക്കും പിന്നാക്കവിഭാഗങ്ങൾക്കും ക്രമമനുസരിച്ച് നൽകണം. സംവരണ ഒഴിവിൽ അർഹരായ അപേക്ഷകരില്ലെങ്കിൽ മാത്രമേ പൊതുവിഭാഗത്തിൽ നിന്ന് നിയമനം നടത്താൻ അനുവാദമുള്ളൂ. ഇതിന് പകരമായി തൊട്ടടുത്ത വരാനിരിക്കുന്ന ഒഴിവ് സംവരണ വിഭാഗത്തിനായി മാറ്റിവെക്കണം. വിദ്യാലയങ്ങളിൽ പരിശോധന നടത്തുമ്പോൾ വിദ്യാഭ്യാസ ഓഫീസർമാർ ഈ സംവരണക്രമം ഉറപ്പുവരുത്തേണ്ടതുണ്ട്.

പൂർണ്ണ യോഗ്യതയുള്ളവരെ മാത്രമേ താൽക്കാലിക അധ്യാപകരായി നിയമിക്കാവൂ എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ താൽക്കാലിക നിയമനങ്ങൾക്കായുള്ള അഭിമുഖ പാനലിൽ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്റെയോ അല്ലെങ്കിൽ അവരുടെ പ്രതിനിധിയുടെയോ സാന്നിധ്യം ഇനിമുതൽ നിർബന്ധമായിരിക്കും.

 

വളരെ പുതിയ വളരെ പഴയ