Zygo-Ad

വിഷു ബമ്പർ ഭാഗ്യം കരുനാഗപ്പള്ളിയിലെ ലോട്ടറി വിൽപ്പനക്കാരന്; 12 കോടി രൂപ പൊന്നന്റെ കുടുംബത്തിന് സ്വന്തം

 


സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഒന്നാം സമ്മാനമായ 12 കോടി രൂപ കരുനാഗപ്പള്ളിയിലെ ലോട്ടറി വിൽപ്പനക്കാരന്റെ കുടുംബത്തിന് സ്വന്തമായി. കരുനാഗപ്പള്ളി ആനയടി വയലിൽ ഉന്നതിയിൽ വിനോദ് ഭവനത്തിൽ പൊന്നൻ (76) ആണ് ആ മഹാഭാഗ്യവാൻ. വിബി 135452 (VB 135452) എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. നികുതി കുറച്ച ശേഷമുള്ള തുകയാണ് ജേതാവിന് ലഭിക്കുക.

പൊന്നന്റെ കുടുംബം വർഷങ്ങളായി ലോട്ടറി വിൽപ്പനയുമായി ബന്ധപ്പെട്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. മകൻ വിനോദ് കുമാർ മണപ്പള്ളിയിലെ ഏജൻസിയിൽ നിന്ന് ടിക്കറ്റുകൾ എടുത്ത് നടന്ന് വിൽക്കുന്ന ആളാണ്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ വാഹനങ്ങളിൽ സഞ്ചരിക്കാൻ ഇയാൾക്ക് ബുദ്ധിമുട്ടുണ്ട്. ഭാര്യ രാധാമണി അമ്മയും മുമ്പ് ടിക്കറ്റുകൾ കൊണ്ടുനടന്ന് വിൽപ്പന നടത്തിയിരുന്നെങ്കിലും ഇപ്പോൾ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആനയടി വഞ്ചിമുക്കിൽ ചെറിയ തട്ടുകട നടത്തുകയാണ്.

മകൻ വിനോദ് കുമാർ പളനി സന്ദർശനത്തിന് പോയ ദിവസമാണ് പൊന്നൻ മണപ്പള്ളിയിലെ ഏജൻസിയിൽ എത്തിയത്. കടയുടെ മുന്നിൽ ചില്ലറ വിൽപ്പനയ്ക്കായി വെച്ചിരുന്ന ടിക്കറ്റുകളിൽ നിന്ന് ഒരെണ്ണം അദ്ദേഹം വാങ്ങുകയായിരുന്നു. അതിനാണ് ഇപ്പോൾ കോടികളുടെ സമ്മാനം ലഭിച്ചിരിക്കുന്നത്.

ആദ്യം ഭാര്യയോടാണ് ലോട്ടറി അടിച്ച കാര്യം പറഞ്ഞതെന്നും ടിക്കറ്റ് എടുത്ത കടയുടെ പേര് ചാനലുകളിൽ വന്നതോടെയാണ് കാര്യം ഉറപ്പിച്ചതെന്നും പൊന്നൻ പറഞ്ഞു. വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തുക, മകന്റെ വിവാഹം നടത്തുക, കടങ്ങൾ തീർക്കുക എന്നിവയാണ് ആദ്യ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. ലോട്ടറി വിൽക്കാൻ ഒരു വാഹനത്തിനായി വർഷംതോറും പഞ്ചായത്തിൽ അപേക്ഷ കൊടുക്കാറുണ്ടായിരുന്നെങ്കിലും ഇതുവരെ കിട്ടിയിട്ടില്ലെന്നും ഇനി സ്വന്തമായി ഒരു വാഹനം വാങ്ങണമെന്നും പൊന്നൻ കൂട്ടിച്ചേർത്തു.

ഇത്തവണ അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽപ്പന നടന്നത്. തൃശൂരും തിരുവനന്തപുരവുമാണ് തൊട്ടുപിന്നാലെയുള്ളത്.

 

വളരെ പുതിയ വളരെ പഴയ