അതേസമയം, വേണ്ടത്ര കൂടിയാലോചനകൾ നടത്താതെ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിലുള്ള മന്ത്രിമാരുടെ അതൃപ്തിയും ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കും. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയമായ നടപടിയിൽ ചില മന്ത്രിമാർ യോഗത്തിൽ പരസ്യമായി വിയോജിപ്പ് അറിയിക്കാൻ സാധ്യതയുണ്ട്. റവന്യൂ മന്ത്രി അറിയാതെയാണ് കലക്ടർമാരെ മാറ്റിയതെന്നും, വ്യവസായ സെക്രട്ടറിയുടെ നിയമനത്തെക്കുറിച്ച് വകുപ്പുമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അറിഞ്ഞിരുന്നില്ലെന്നും ആക്ഷേപമുണ്ട്. കലക്ടർമാരുടെ പുതിയ നിയമനങ്ങളിലും ചില മന്ത്രിമാർക്ക് വിയോജിപ്പുണ്ട്.
മലബാർ മേഖലയിലെ ഹയർസെക്കൻഡറി ബാച്ചുകളുടെയും സീറ്റുകളുടെയും കുറവ് പരിഹരിക്കുന്ന കാര്യവും ഇന്നത്തെ കാബിനറ്റ് യോഗത്തിന്റെ അജണ്ടയിലുണ്ട്. ഈ മാസം 29-ന് നിയമസഭയിൽ ഗവർണർ നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിനും ഇന്നത്തെ യോഗം അംഗീകാരം നൽകും.
മന്ത്രിസഭായോഗത്തിന് ശേഷം ഇന്ന് വൈകീട്ട് മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹിക്ക് തിരിക്കും. നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പി എം ശ്രീ പദ്ധതി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിവിധ വികസനകാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഡൽഹി സന്ദർശനത്തിനിടെ മറ്റ് കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും.
