പാലക്കാട്:ആള്‍ക്കൂട്ട ആക്രമണത്തെത്തുടര്‍ന്ന് അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു മരിച്ച കേസില്‍ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. ശിക്ഷാവിധി ചോദ്യം ചെയ്ത് ഹുസൈൻ സമർപ്പിച്ച അപ്പീൽ കോടതി അനുവദിക്കുകയായിരുന്നു. അതേസമയം, കേട്ടറിഞ്ഞ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മരയ്ക്കാർ അടക്കമുള്ള മറ്റ് പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി.
മധുവിനെ അവസാനമായി ചവിട്ടിയത് ഹുസൈനാണെന്നായിരുന്നു പ്രൊസിക്യൂഷന്റെ പ്രധാന വാദം. ഇതിനായി ഡിജിറ്റൽ ദൃശ്യങ്ങളും പ്രൊസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ താൻ മധുവിനെ ഉപദ്രവിച്ചിട്ടില്ലെന്നും സംഭവസ്ഥലത്ത് ഉണ്ടായിരിക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള ഹുസൈന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഹുസൈനെതിരെ ചുമത്തിയ മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 24 സാക്ഷികള്‍ വിചാരണവേളയിൽ കൂറുമാറിയ കേസായിരുന്നു ഇത്.
കേസിൽ ദൃശ്യങ്ങൾ പകർത്തിയ നാലാം പ്രതി അനീഷിന്റെ ശിക്ഷ കോടതി നിലനിർത്തി. അതേസമയം, ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പതിനൊന്നാം പ്രതിയെ വെറുതെ വിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു.
പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നും അവർ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും കാണിച്ച് മധുവിന്റെ കുടുംബവും കോടതിയെ സമീപിച്ചിരുന്നു. മധുവിന്റെ കുടുംബത്തിന്റെ ഈ അപ്പീലിലും ഹൈക്കോടതി ഇന്ന് തന്നെ അന്തിമ തീരുമാനം കൈക്കൊള്ളും.
