Zygo-Ad

മുനമ്പം തർക്കഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ ദീപികയുടെ രൂക്ഷവിമർശനം; വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയാൻ ആഹ്വാനം


 കൊച്ചി :മുനമ്പം തർക്ക ഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത വഖഫ് ബോർഡിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക മുഖപത്രമായ ദീപിക. വഖഫ് ബോർഡ് ഈ നടപടിയിലൂടെ മുനമ്പത്തെ താമസക്കാരെ വെല്ലുവിളിച്ചിരിക്കുകയാണെന്ന് ദീപിക മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. ഉമീദ് പോർട്ടലിലെ ഈ വിജ്ഞാപനം അടിയന്തരമായി റദ്ദാക്കണമെന്നും മുനമ്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണമെന്നും എഡിറ്റോറിയൽ ആഹ്വാനം ചെയ്യുന്നു.

മുനമ്പം ഭൂമി വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തതിലൂടെ വഖഫ് ബോർഡ് വെല്ലുവിളിച്ചിരിക്കുന്നത് 610 കുടുംബങ്ങളെയോ അല്ലെങ്കിൽ ഒരു പ്രത്യേക വിഭാഗത്തെയോ മാത്രമല്ല, മറിച്ച് മതേതര കേരളത്തെ ആകെയാണെന്ന് പത്രം വ്യക്തമാക്കുന്നു. തങ്ങളുടേതെന്ന് തോന്നുന്ന ഏത് സ്വത്തും കൈവശപ്പെടുത്താൻ അനുവദിക്കുന്ന തരത്തിലുള്ള വഖഫ് നിയമങ്ങൾ ഈ മതേതര രാജ്യത്ത് വരുത്തിവച്ചിട്ടുള്ള വിനാശങ്ങൾ എല്ലാവരും ഓർക്കുന്നത് നന്നായിരിക്കുമെന്നും, രാജ്യത്ത് തീവ്രഹിന്ദുത്വ വളർത്തുന്നതിൽ വഖഫ് ബോർഡിനുള്ള പങ്ക് ചരിത്രത്തിന്റെ ഭാഗമാകുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

കേന്ദ്രസർക്കാർ നിയമ ഭേദഭേദഗതി വരുത്തിയെങ്കിലും, അതിന് മുമ്പ് മതനിയമത്തിൽ പെട്ടുപോയ മുനമ്പം നിവാസികളെ രക്ഷിക്കാൻ ആ ഭേദഗതിയിൽ ഒന്നും ഉണ്ടായിരുന്നില്ല. ഇത് മുനമ്പത്തെ വേട്ട തുടരാൻ വഖഫ് ബോർഡിന് സഹായകരമായി മാറുകയാണ് ചെയ്തത്. കഴിഞ്ഞ പിണറായി സർക്കാർ വിഷയത്തിൽ കുറച്ചൊക്കെ ശ്രമിച്ചെങ്കിലും ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

അധികാരത്തിലെത്തിയാൽ പത്ത് മിനിറ്റുകൊണ്ട് തീർക്കാവുന്ന പ്രശ്നമാണ് മുനമ്പത്തേതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞിരുന്ന കാര്യം ദീപിക ഓർമ്മിപ്പിച്ചു. കെ-റെയിൽ വിജ്ഞാപനവും സ്ഥലമേറ്റെടുക്കലും പുതിയ സർക്കാർ റദ്ദാക്കിയപ്പോൾ, സ്ഥലം ഏറ്റെടുക്കാനായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അന്ന് കെ-റെയിലിന്റെ പേരിൽ സ്വന്തം സ്ഥലം വിൽക്കാനോ പണയം വെക്കാനോ കഴിയാതെ ദുരിതത്തിലായ മനുഷ്യരുടെ അതേ അവസ്ഥയിലാണ് ഇന്ന് മുനമ്പത്തെ ജനങ്ങളുള്ളത്.

മുനമ്പം ഭൂമി വഖഫ് അല്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, മുൻപ് നൽകിയ ആ പത്ത് മിനിറ്റ് വാഗ്ദാനം പാലിച്ച് വഖഫ് ബോർഡിന്റെ വിജ്ഞാപനം റദ്ദാക്കാൻ തയ്യാറാകുമോ എന്നും ദീപിക ചോദിക്കുന്നു. 2025ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുന്നിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറൽ സ്വീകരിച്ച നിലപാട് മുനമ്പത്തുകാർക്ക് അനുകൂലമായിരുന്നു. വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കി മുനമ്പത്തെ വഖഫ് കുറ്റികൾ പറിച്ച് മാറ്റുന്നത് വരെ, നൽകിയ വാഗ്ദാനങ്ങൾ വിശ്വസിച്ച് ഇരകളായ മനുഷ്യർ ഇവിടെത്തന്നെ ഉണ്ടാകുമെന്നും എഡിറ്റോറിയലിൽ വ്യക്തമാക്കുന്നു.

 

വളരെ പുതിയ വളരെ പഴയ