Zygo-Ad

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: കണ്ണൂർ ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

 


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. ഇതിന്റെ ഭാഗമായി മെയ് 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നാണ് പ്രവചനം.

ഇത്തവണ കേരളത്തിൽ ഇടവപ്പാതി മെയ് 26 ഓടെ എത്താൻ സാധ്യതയുണ്ടെന്നും നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ഇതിൽ വ്യത്യാസം വരാമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മെയ് 20 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

 

വളരെ പുതിയ വളരെ പഴയ