Zygo-Ad

ഇന്ധന നിയന്ത്രണം: ഗവർണറുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം ഒൻപതിൽ നിന്ന് ആറായി വെട്ടിക്കുറച്ചു

 


രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. ഒൻപത് വാഹനങ്ങൾ ഉണ്ടായിരുന്ന സുരക്ഷാ വ്യൂഹമാണ് ഇപ്പോൾ ആറായി ചുരുക്കിയത്. മൂന്നിലൊന്ന് വാഹനങ്ങളാണ് ഒറ്റയടിക്ക് ഒഴിവാക്കിയതെന്ന് രാജ്ഭവൻ വൃത്തങ്ങൾ വിശദീകരിച്ചു.

വാഹനവ്യൂഹത്തിൽ നിന്ന് ഒരു എസ്കോർട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി (അധിക) വാഹനങ്ങളുമാണ് ഒഴിവാക്കിയത്. വരാനിരിക്കുന്ന പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഉൾപ്പെടെ ഇനിമുതൽ ചുരുക്കിയ വാഹനവ്യൂഹവുമായിട്ടായിരിക്കും ഗവർണർ പങ്കെടുക്കുക.

ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ മാതൃക ആദ്യം മുന്നോട്ടുവെച്ചത്. തന്റെ സുരക്ഷാ വ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറച്ചതിനൊപ്പം പൈലറ്റ് വാഹനങ്ങളെല്ലാം പ്രധാനമന്ത്രി ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റിയിരുന്നു. ഇതിന് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും തന്റെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. സുപ്രീം കോടതിയിലെ ജഡ്ജിമാർ കാർ പൂളിങ് നടത്തുകയും കേസ് നടപടികൾ വെർച്വലാക്കി മാറ്റുകയും ചെയ്തതും ഇതിന്റെ ഭാഗമായാണ്.

 

വളരെ പുതിയ വളരെ പഴയ