തിരുവനന്തപുരം: കേരളത്തിൽ പടിഞ്ഞാറൻ കാലവർഷം എത്താൻ വൈകുമെന്ന് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ചയോടെ കാലവർഷം എത്തുമെന്നാണ് നേരത്തെ കരുതിയിരുന്നതെങ്കിലും നിലവിൽ അനുകൂല സാഹചര്യങ്ങൾ രൂപപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തൽ. ജൂൺ അഞ്ചിനുശേഷമേ ഇനി കാലവർഷം കേരളത്തിലേക്ക് എത്താൻ സാധ്യതയുള്ളൂ.
ഈ മാസം 15-ഓടെ അന്തമാനിൽ കാലവർഷം എത്തിയിരുന്നെങ്കിലും അവിടെനിന്ന് കൂടുതൽ മുന്നോട്ട് നീങ്ങാൻ സാധിച്ചിരുന്നില്ല. അടുത്ത രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, തെക്കുകിഴക്കൻ ഭാഗങ്ങളിലേക്ക് കാലവർഷം വ്യാപിക്കുമെന്നാണ് കരുതുന്നത്. ഈ ഭാഗങ്ങളിൽ നിന്നുമാണ് കാലവർഷം അറബിക്കടൽ കടന്ന് കേരളത്തിലേക്ക് എത്തേണ്ടത്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിൽ മഴയുടെ അളവ് കുറയുന്ന സാഹചര്യമാണ് ഉള്ളത്.
