തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി അധികാരമേറ്റ വി ഡി സതീശൻ മന്ത്രിസഭയിലെ അംഗങ്ങൾക്ക് 13-ാം നമ്പർ ഔദ്യോഗിക കാർ വേണ്ടെന്ന് റിപ്പോർട്ട്. ഒന്നും രണ്ടും പിണറായി സർക്കാരുകളിൽ മന്ത്രിമാർ ഭയമില്ലാതെ ഉപയോഗിച്ചിരുന്ന പതിമൂന്നാം നമ്പർ കാറാണ് ഇത്തവണ പുതിയ മന്ത്രിമാരാരും ആവശ്യപ്പെടാതിരുന്നത്. കഴിഞ്ഞ സർക്കാരിൽ കൃഷി മന്ത്രിയായിരുന്ന പി പ്രസാദും ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന ഡോ. ടി എം തോമസ് ഐസകും ഈ നമ്പർ കാറായിരുന്നു ഉപയോഗിച്ചിരുന്നത്.
മന്ത്രിമാർക്ക് ഔദ്യോഗിക വാഹനങ്ങൾ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. മുൻ സർക്കാർ ഉപയോഗിച്ച വണ്ടികൾ അറ്റകുറ്റപ്പണികൾ തീർത്ത് പുതിയ മന്ത്രിമാർക്കായി ഒരുക്കി നൽകുകയാണ് പതിവ് രീതി. എന്നാൽ പുതിയ മന്ത്രിമാരിൽ പലരും 13-ാം നമ്പർ കാർ തങ്ങൾക്ക് വേണ്ടെന്ന് അധികൃതരെ മുൻകൂട്ടി അറിയിച്ചതായാണ് സൂചന. മുൻപ് വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് എം എ ബേബി 13-ാം നമ്പർ വണ്ടി ചോദിച്ചു വാങ്ങി ഉപയോഗിച്ചിരുന്നു. എന്നാൽ അതിനുശേഷം വന്ന ഉമ്മൻ ചാണ്ടി സർക്കാരിലെ മന്ത്രിമാരും ഈ നമ്പറിനോട് വിമുഖത കാണിച്ചിരുന്നു.
അതേസമയം പുതിയ മന്ത്രിസഭയിലെ അംഗങ്ങൾ തങ്ങൾക്ക് താല്പര്യമുള്ള മറ്റ് നമ്പറുകൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷിബു ബേബി ജോൺ തന്റെ ഔദ്യോഗിക വാഹനത്തിനായി 71-ാം നമ്പറാണ് ആവശ്യപ്പെട്ടത്. രമേശ് ചെന്നിത്തല 21-ാം നമ്പറും ഒ ജനീഷ് 10-ാം നമ്പറും ആവശ്യപ്പെടുകയും ഇവർക്ക് ഈ നമ്പറുകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ മന്ത്രിമാരാരും ഏറ്റെടുക്കാത്ത 13-ാം നമ്പർ വണ്ടി ഇനി ആരെങ്കിലും ആവശ്യപ്പെടുമോ എന്ന കാത്തിരിപ്പിലാണ് അധികൃതർ.
