Zygo-Ad

സർക്കാർ ആശുപത്രികളിൽ ഒപികളിൽ കുടിവെള്ളവും ഒരു മാസത്തെ മരുന്നും; ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കാൻ ക്യാമറകൾ വരുന്നു

 


സർക്കാർ ആശുപത്രികൾ കൂടുതൽ രോഗീസൗഹൃദമാക്കുന്നതിനുള്ള സുപ്രധാന നടപടികളുമായി സർക്കാർ മുന്നോട്ട്. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കെ. മുരളീധരൻ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനങ്ങൾ ഉണ്ടായത്. പുതിയ പരിഷ്കാരപ്രകാരം ഒപികളിൽ ഡോക്ടറെ കാണാൻ കാത്തിരിക്കുന്ന സമയത്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഈ പദ്ധതി ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

എല്ലാ ആശുപത്രി ഫാർമസികളിൽ നിന്നും ഡോക്ടറുടെ കുറിപ്പടി അനുസരിച്ച് ആവശ്യമെങ്കിൽ ഒരു മാസത്തെ മരുന്ന് ലഭ്യമാക്കും. ജീവിതശൈലീ രോഗങ്ങൾക്കും മറ്റും തുടർച്ചയായി കഴിക്കേണ്ട മരുന്നുകൾ നിശ്ചിത കാലാവധി വരെ ഡോക്ടറെ വീണ്ടും കാണാതെ നൽകണമെന്നും നിർദ്ദേശമുണ്ട്. ആശുപത്രികളിലെ എല്ലാ കൗണ്ടറുകളിലും ഒരാഴ്ചയ്ക്കുള്ളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് രോഗികളോടുള്ള ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കും. രോഗികളോട് മോശമായി പെരുമാറുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.

ഒപി കൗണ്ടറുകൾക്ക് മുൻപിൽ പരാതി പുസ്തകം വയ്ക്കാനും ബാർ കോഡ് സ്‌കാനർ ഉപയോഗിച്ച് ഫോട്ടോ, വീഡിയോ എന്നിവ സഹിതം ഓൺലൈനായി പരാതി നൽകാനുമുള്ള സൗകര്യമൊരുക്കും. ഡിഎംഒമാരുടെയും ആശുപത്രി സൂപ്രണ്ടുമാരുടെയും നേതൃത്വത്തിൽ രോഗീസൗഹൃദ നടപടികൾക്കുള്ള രൂപരേഖ ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറാക്കാനും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

ഒരു രോഗിക്ക് ഒരു കട്ടിൽ

സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് ഒരാൾക്ക് ഒരു കട്ടിൽ എന്ന രീതിയിൽ കൂടുതൽ കിടക്കകൾ ഉറപ്പാക്കും. ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും മുൻഗണനാ ക്യൂ, വീൽചെയർ അസിസ്റ്റ് എന്നിവ നടപ്പിലാക്കും. കൂടാതെ ആശുപത്രികളിൽ അഡ്മിറ്റ് ആയ രോഗികളുടെ സ്‌കാനുകളും മറ്റു പരിശോധനകളും രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം. ഇത്തരം പരിശോധനകൾക്ക് അഡ്മിറ്റായ രോഗികൾക്ക് പ്രത്യേക മുൻഗണന നൽകും.

ആർസിസിയിൽ ഒഴിവുകൾ നികത്തും

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (ആർസിസി) ഡോക്ടർ കൺസൾട്ടേഷൻ, ശസ്ത്രക്രിയകൾ എന്നിവയ്ക്കുള്ള കാലതാമസം കുറയ്ക്കുന്നതിനായി 13 ഒഴിവുകൾ അടിയന്തിരമായി നികത്താൻ തീരുമാനമായി. സ്‌പെഷ്യൽ റൂൾസ് ഭേദഗതി ചെയ്തതിനു ശേഷം ബാക്കിയുള്ള ഒഴിവുകളും വേഗത്തിൽ നികത്തും.

 

വളരെ പുതിയ വളരെ പഴയ