സംസ്ഥാനത്ത് ഈ വർഷത്തെ ബലിപെരുന്നാള്‍ മെയ് 28ന് ആഘോഷിക്കും. കേരളത്തിൽ എവിടെയും മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് മെയ് 28 വ്യാഴാഴ്ച പെരുന്നാളായിരിക്കുമെന്ന് ഖാദിമാരും പാളയം ഇമാമും അറിയിച്ചത്.
മെയ് 17 ഞായറാഴ്ച മാസപ്പിറവി കാണാത്തതിനാല്‍ മെയ് 18 തിങ്കളാഴ്ച ദുല്‍ഖഅദ് മാസം 30 പൂർത്തീകരിക്കും. തുടർന്ന് മെയ് 19 ചൊവ്വാഴ്ച ദുല്‍ഹജ്ജ് ഒന്നായും, ദുല്‍ഹജ്ജ് പത്തായ മെയ് 28ന് ബലിപെരുന്നാളായും ഖാദിമാർ പ്രഖ്യാപിച്ചു.
സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ പ്രതിനിധി സയ്യിദ് അബ്‌ദുള്ള ഹബീബ് അല്‍ ബുഖാരി എന്നിവരാണ് മാസപ്പിറവി ഉറപ്പിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും മെയ് 28ന് തന്നെയാകും ബലിപെരുന്നാള്‍ എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതോടെ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ മെയ് 27 ബുധനാഴ്ചയായിരിക്കും ബലിപെരുന്നാള്‍. ഹജ്ജിൻ്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം മെയ് 26 ചൊവ്വാഴ്‌ച നടക്കും. മാസപ്പിറവി ദൃശ്യമായതോടെ പുണ്യനഗരമായ മക്ക ലക്ഷക്കണക്കിന് തീർത്ഥാടകർ അണിനിരക്കുന്ന ഹജ്ജ് കർമ്മങ്ങളുടെ തിരക്കിലേക്ക് നീങ്ങുകയാണ്.
