തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട രാഷ്ട്രീയ സസ്‌പെൻസിനും ആകാംക്ഷകൾക്കും വിരാമമിട്ട് കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. കേരളത്തിൽ രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളും എട്ടരയോടെ വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണിത്തുടങ്ങുന്നതോടെ ഒമ്പത് മണിയോടെ ആദ്യ സൂചനകൾ ലഭ്യമാകും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 43 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. വൈകുന്നേരം അഞ്ച് മണിയോടെ പൂർണ്ണരൂപം വ്യക്തമാകും.
കേരളത്തിന് പുറമെ തമിഴ്നാട് ബംഗാൾ അസം പുതുച്ചേരി എന്നിവിടങ്ങളിലെയും വോട്ടെണ്ണൽ ഇന്നാണ് നടക്കുന്നത്. ബംഗാളിൽ ക്രമക്കേട് റിപ്പോർട്ട് ചെയ്ത ഒരു മണ്ഡലത്തിൽ ഒഴികെ ബാക്കി എല്ലാ ഇടങ്ങളിലും ഫലം ഇന്ന് പ്രഖ്യാപിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷ മുൻനിർത്തി ഇരുന്നൂറ് മീറ്റർ ചുറ്റളവിൽ ജില്ലാ മജിസ്‌ട്രേറ്റുമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആഹ്ലാദ പ്രകടനങ്ങൾക്കിടെ സംഘർഷം ഒഴിവാക്കാൻ പോലീസ് കർശന ജാഗ്രത പാലിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും ആപ്പിലും ഓരോ റൗണ്ടിലുമുള്ള വിവരങ്ങൾ തത്സമയം ലഭ്യമാകും
