കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഉണ്ടായ ശക്തമായ വേനൽ മഴയിലും കാറ്റിലും ഇരിട്ടി, പേരാവൂർ ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. മണിക്കൂറുകളോളം നീണ്ടുനിന്ന മഴയിൽ മരങ്ങൾ കടപുഴകി വീണും വീടുകൾ തകർന്നും ജനജീവിതം ദുസ്സഹമായി. പ്രധാന റോഡുകളിൽ മരം വീണതിനെത്തുടർന്ന് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി ബന്ധം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു.
അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്നാംകുറ്റിയിലും അങ്ങാടിക്കടവ് മേഖലയിലുമാണ് വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായത്. മൂന്നാംകുറ്റിയിലെ ആയിഷ അങ്ങേത്ത്, ബിനീഷ് കുളങ്ങര മുറി എന്നിവരുടെ വീടുകൾക്ക് മുകളിലേക്ക് മരം വീണ് വീടുകൾ ഭാഗികമായി തകർന്നു. അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ കോളേജിന് സമീപം റോഡിലേക്ക് മരം വീണതിനെത്തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. തദ്ദേശ സ്വയംഭരണ പ്രതിനിധികൾ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
ഇരിട്ടി ടൗണിലും പരിസര പ്രദേശങ്ങളിലും മഴവെള്ളപ്പാച്ചിലിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഓടകൾ അടഞ്ഞതോടെ ഇരിട്ടി ടൗണിലെ പത്തോളം വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം ഇരച്ചുകയറി. കടത്തുംക്കടവിൽ തോമസ് എന്നയാളുടെ വീടിന്റെ മേൽക്കൂര മരം വീണ് പൂർണ്ണമായും തകർന്നു. കീഴൂർക്കുന്നിൽ നിർമ്മാണത്തിലിരിക്കുന്ന റെസ്റ്റോറന്റിന്റെ പാർക്കിംഗ് ഏരിയയുടെ മേൽക്കൂര കാറ്റിൽ പറന്നുപോയി. പയഞ്ചേരി മുക്കിലെ പത്തോളം വീടുകളിൽ വെള്ളം കയറിയതോടെ കിണറുകൾ മലിനമായി കുടിവെള്ളം മുട്ടുന്ന സാഹചര്യവുമുണ്ടായി.
പേരാവൂർ മേഖലയിലും സ്ഥിതി സമാനമാണ്. ജിമ്മി ജോർജ് റോഡ്, പുതുശേരി റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതകളിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു. മുള്ളേരിക്കലിലും പുതുശ്ശേരിയിലും നിരവധി വീടുകളുടെ മേൽക്കൂരകൾ നശിച്ചു. ലക്ഷംവീട് കോളനിയിലെ വീടുകൾക്ക് മുകളിലും മരങ്ങൾ വീണിട്ടുണ്ട്. കാർഷിക മേഖലയ്ക്കും വലിയ തിരിച്ചടിയാണ് മഴ നൽകിയത്. ചക്ക്യത്ത് കൃഷ്ണൻ എന്ന കർഷകന്റെ 200ഓളം വാഴകൾ കാറ്റിൽ നശിച്ചു. കൂടാതെ മലയോര മേഖലയിലെ നിരവധി റബ്ബർ മരങ്ങളും കടപുഴകി വീണിട്ടുണ്ട്.
