ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും തമിഴ് സിനിമയിലെ സൂപ്പർ താരവുമായ വിജയ് ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കും. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ ദേശീയ നേതാക്കൾ ചടങ്ങിൽ സാക്ഷിയാകും. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ അധികാരത്തിലേറുന്നത്.
വർഷങ്ങൾക്കുശേഷം തമിഴ്നാട് ഭരണകൂടത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയോടെ കോൺഗ്രസും വിജയ് സർക്കാരിൽ പങ്കുചേരും. മേലൂർ എംഎൽഎ പി. വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവർ കോൺഗ്രസ് പ്രതിനിധികളായി മന്ത്രിസഭയിൽ ഇടംപിടിക്കുമെന്നാണ് സൂചന. അഞ്ച് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സർക്കാർ രൂപീകരണം സാധ്യമായത്.
നേരത്തെ, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ എംഎൽഎമാരുടെ എണ്ണത്തിലുള്ള കുറവ് ചൂണ്ടിക്കാട്ടി ഗവർണർ രാജേന്ദ്ര അർലേക്കർ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാത്തത് വലിയ ചർച്ചയായിരുന്നു. വിജയ് ഗവർണറെ കാണാൻ പോകുന്നതിനിടെ പാതിവഴിയിൽ മടങ്ങിയതും അഭ്യൂഹങ്ങൾക്ക് വഴിവെച്ചു. എന്നാൽ 120 എംഎൽഎമാരുടെ പിന്തുണ കത്ത് ഹാജരാക്കിയതോടെ ഗവർണർ സർക്കാർ രൂപീകരിക്കാൻ വിജയിയെ ക്ഷണിക്കുകയായിരുന്നു. ഇതോടെ തമിഴ് രാഷ്ട്രീയത്തിൽ പുതിയൊരു സിനിമാ-രാഷ്ട്രീയ യുഗത്തിന് കൂടി തുടക്കമാവുകയാണ്.
