Zygo-Ad

കേരളത്തിൽ ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര; വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം

 


തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ച് പുതിയ മന്ത്രിസഭ. ജൂൺ 15 മുതൽ സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കാൻ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ആദ്യ കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് കാലത്ത് മുന്നണി മുന്നോട്ടുവെച്ച അഞ്ച് പ്രധാന ഗ്യാരണ്ടികളിൽ ആദ്യത്തെ രണ്ട് കാര്യങ്ങൾക്കാണ് ഇപ്പോൾ ഭരണാനുമതി നൽകിയിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്ത്രീകളുടെ സൗജന്യ ബസ് യാത്ര.

ഇതോടൊപ്പം തന്നെ സംസ്ഥാനത്ത് വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് വയോജനങ്ങൾക്കുവേണ്ടി മാത്രമായി ഒരു പ്രത്യേക വകുപ്പ് ഒരു സംസ്ഥാനത്ത് നിലവിൽ വരുന്നത്. വയോജന സംരക്ഷണത്തിൽ ലോകത്തിന് തന്നെ മാതൃകയായ ജപ്പാൻ രാജ്യത്തിന്റെ പ്രവർത്തന ശൈലി വിശദമായി പഠിച്ച ശേഷമായിരിക്കും കേരളത്തിലും ഈ വകുപ്പിന്റെ പ്രവർത്തനങ്ങൾ ക്രമീകരിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബാക്കി ഗ്യാരണ്ടികളും ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നാണ് സർക്കാർ നൽകുന്ന സൂചന.



വളരെ പുതിയ വളരെ പഴയ