കുടക് ദുബാരെ ആന പരിശീലന കേന്ദ്രത്തിൽ ആനകൾ തമ്മിൽ കൊമ്പുകോർത്തതിനെ തുടർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തിന് പിന്നാലെ പോരാട്ടത്തിൽ പരിക്കേറ്റ ആനകളിലൊന്ന് ചരിഞ്ഞു. അമ്പത്തിമൂന്ന് വയസുള്ള മാർത്താണ്ഡ എന്ന ആനയാണ് ചരിഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ച കാഞ്ചൻ, മാർത്താണ്ഡ എന്നീ ആനകളെ കാവേരിനദിയിൽ കുളിപ്പിക്കുന്നതിനിടെയാണ് ഇവ തമ്മിൽ ഏറ്റുമുട്ടിയത്.
നദിക്കരയിൽ ഇതുകണ്ടുനിന്ന വിനോദസഞ്ചാരികൾക്കിടയിലേക്ക് ആനകളിലൊന്ന് പാഞ്ഞുകയറിയാണ് ചെന്നൈ പല്ലാവരം സ്വദേശിനി ജുനാഷി മരണപ്പെട്ടത്. ആനയുടെ അടിയിൽപ്പെട്ട ജുനാഷിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭർത്താവ് ജോയൽ സൈമൺ ഫ്രാങ്ക്ലിനും പരിക്കേറ്റിരുന്നു. ആനകൾ തമ്മിലുള്ള ശക്തമായ പോരാട്ടത്തിൽ മാർത്താണ്ഡയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. നാലായിരത്തി അഞ്ഞൂറ് കിലോ തൂക്കമുള്ള മാർത്താണ്ഡയെ രണ്ടായിരത്തി ഇരുപത്തിമൂന്നിലാണ് ഹാസൻ ജില്ലയിലെ ആളുർ താലൂക്കിൽനിന്ന് കർണാടക വനംവകുപ്പ് ദുബാരെ കേന്ദ്രത്തിൽ എത്തിച്ചത്. ഇവളോട് ഏറ്റുമുട്ടിയ ഇരുപത്തിയാറ് വയസുള്ള കാഞ്ചൻ ദുബാരെ കേന്ദ്രത്തിലെ ഏറ്റവും കരുത്തുള്ള ആനകളിലൊന്നാണ്.
യുവതിയുടെ ആശ്രിതർക്ക് ഇരുപത് ലക്ഷം രൂപ ധനസഹായം
ദുബാരെ ആന പരിശീലന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ മരിച്ച ജുനാഷിയുടെ കുടുംബത്തിന് കർണാടക വനംവകുപ്പ് ഇരുപത് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി എൻ എസ് ബോസാജു അറിയിച്ചു. ജുനാഷിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി. വേർപാടിന്റെ തീരാവേദനയ്ക്കിടയിലും ജുനാഷിയുടെ കണ്ണുകൾ ഭർത്താവ് ജോയൽ കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് ദാനം ചെയ്തു. ഭാര്യയുടെ കണ്ണുകൾ മറ്റൊരാളിലൂടെ ഈ ലോകം കാണട്ടെ എന്ന മഹത്തായ മാതൃക പ്രകടിപ്പിച്ചാണ് ജുനാഷിയുടെ കുടുംബം ചെന്നൈയിലേക്ക് മടങ്ങിയത്.
