Zygo-Ad

ന്യുനമർദ്ദ പാത്തി: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 


തിരുവനന്തപുരം: ഇരട്ട ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് ഇവിടെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിലവില്‍ രണ്ട് ന്യൂനമര്‍ദ്ദ പാത്തികളാണ് സജീവമായിരിക്കുന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് തുടങ്ങി മധ്യ മഹാരാഷ്ട്ര, മറാത്ത്വാഡ, കര്‍ണാടക, കേരളം എന്നിവയ്ക്ക് മുകളിലൂടെ ലക്ഷദ്വീപ് വരെ നീളുന്നതാണ് ഒന്നാമത്തെ പാത്തി. തെക്കന്‍ ലക്ഷദ്വീപിനോട് ചേര്‍ന്നുള്ള അറബിക്കടലില്‍ നിന്ന് തുടങ്ങി കേരളം, കര്‍ണാടക, റായലസീമ വഴി ആന്ധ്രാപ്രദേശിന് മുകളിലുള്ള ചക്രവാതചുഴി വരെ നീളുന്നതാണ് രണ്ടാമത്തെ ന്യൂനമര്‍ദ്ദ പാത്തി. ഇതിനൊപ്പം മെയ് 26 ഓടെ കേരളത്തില്‍ കാലവര്‍ഷം എത്താന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു.

 

വളരെ പുതിയ വളരെ പഴയ