കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജ് വിദ്യാർഥിയായ നിധിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ക്രൈംബ്രാഞ്ച് സംഘം അടുത്ത ദിവസം നോയ്‌ഡയിലേക്ക് തിരിക്കും. മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന ഇൻസ്റ്റന്റ് ഫണ്ട്സ് എന്ന ലോൺ ആപ്ലിക്കേഷൻ സ്ഥാപനത്തിൽ നേരിട്ടെത്തി പരിശോധന നടത്തുകയാണ് ലക്ഷ്യം. ഈ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരെ കണ്ണൂർ സിറ്റി സൈബർ ക്രൈം സംഘം നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിധിൻരാജിനെ ഏപ്രിൽ പത്തിനാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിലെ ഓറൽ പതോളജി വിഭാഗം മേധാവി ഡോക്ടർ എം കെ റാം ഉൾപ്പെടെയുള്ളവർ നിധിൻരാജിന്റെ മരണത്തിന് ഉത്തരവാദികളാണെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള വകുപ്പുകൾ ചുമത്തി ചക്കരക്കൽ പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലോൺ ആപ്പിൽ നിന്ന് എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് നിധിൻരാജിന് നിരന്തരം ഭീഷണികൾ വന്നിരുന്നതായി കണ്ടെത്തി. നിധിൻരാജ് വായ്പയെടുത്തപ്പോൾ റഫറൻസ് നമ്പറായി നൽകിയിരുന്നത് കോളേജ് അധ്യാപിക ഡോക്ടർ ലത ശശിധരന്റെ നമ്പറായിരുന്നു. ഇതേത്തുടർന്ന് അധ്യാപികയ്ക്കും ഈ സ്ഥാപനത്തിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നോയ്‌ഡയിലെ സ്ഥാപനത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
നിലവിൽ കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി പി ബാലകൃഷ്ണൻനായരുടെ മേൽനോട്ടത്തിൽ രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മരണത്തെക്കുറിച്ചുള്ള അന്വേഷണം ഡിവൈഎസ്പി ജീവൻ ജോർജും, ലോൺ ആപ്പ് ഭീഷണിയെക്കുറിച്ചുള്ള അന്വേഷണം ഡിവൈഎസ്പി സുധീർ കല്ലനും നിർവഹിക്കുന്നു. സുധീർ കല്ലന്റെ നേതൃത്വത്തിലുള്ള സംഘമാണ് നോയ്‌ഡയിലെ ഓഫീസിൽ പരിശോധന നടത്തുക. ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെ വീട്ടിലെത്തി നിധിൻരാജിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കോളേജിലെ അധ്യാപകരുടെയും സഹപാഠികളുടെയും മൊഴിയെടുപ്പ് പൂർത്തിയാക്കും.
