തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ്. ഇതിന്റെ ഭാഗമായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ യോഗം ഇന്ന് രാവിലെ 10.30ന് കെപിസിസി ആസ്ഥാനത്ത് ചേരും. ഹൈക്കമാൻഡ് നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. ഓരോ എംഎൽഎമാരെയും നിരീക്ഷകർ നേരിൽ കണ്ട് അഭിപ്രായം തേടും. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം കോൺഗ്രസ് അധ്യക്ഷന് വിട്ടുകൊണ്ടുള്ള ഔദ്യോഗിക പ്രമേയം യോഗം പാസാക്കും.
എംഎൽഎമാരുടെ താല്പര്യത്തിന് പുറമെ ഘടകകക്ഷികളുടെ നിലപാട്, ഭരണപരിചയം, പൊതുസമ്മതി എന്നിവ കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെ, എ കെ ആന്റണി എന്നിവരുമായും നിരീക്ഷകർ ചർച്ച നടത്തും. നിരീക്ഷകർ ഡൽഹിയിലെത്തി റിപ്പോർട്ട് സമർപ്പിച്ച ശേഷം മൂന്ന് പ്രധാന നേതാക്കളെയും ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചേക്കും. ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.
