ആലപ്പുഴ: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ തുടരുന്നു. ആലപ്പുഴ വൈശ്യംഭാഗം പുതുവന വീട്ടിൽ ഇന്ദിര (65) ആണ് മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വീടിനോട് ചേർന്നുള്ള ശുചിമുറിക്ക് മുൻപിൽ വെച്ചാണ് ഇന്ദിരയ്ക്ക് കടിയേറ്റത്.
ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഉടൻതന്നെ ഇന്ദിരയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ആന്റിവെനം ഉൾപ്പെടെയുള്ള അടിയന്തര ചികിത്സകൾ നൽകുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി ഒൻപതരയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രഘുവാണ് ഇന്ദിരയുടെ ഭർത്താവ്. മക്കൾ: കാവ്യ, ദിവ്യ. മരുമകൻ: അനീഷ്.
ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ പാമ്പുകടി മരണമാണിത്. കഴിഞ്ഞ ദിവസം കായംകുളത്ത് നാൽപ്പത്തിരണ്ടുകാരി പാമ്പുകടിയേറ്റ് മരിച്ചിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
