Zygo-Ad

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണതോത് ഉയരുന്നു; ആറിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണതോത് ഉയരുന്നു. നിലവില്‍ ആറിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും, നാല് ഇടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി എന്നീ സ്ഥലങ്ങളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊട്ടാരക്കര, കളമശേരി, ബേപ്പൂര്‍, മാനന്തവാടി, എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

ഉയര്‍ന്ന തോതിലുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ സൂര്യാഘാതം, ചര്‍മ്മ രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. പകല്‍ പത്തു മണി മുതല്‍ മൂന്നു മണി വരെ നേരിട്ട് വെയില്‍ കൊള്ളുന്നത് പരമാവധി ഒഴിവാക്കുക. 

ഈ സമയത്താണ് വികിരണ തോത് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. ധാരാളം വെള്ളം കുടിക്കുന്നതിനോടൊപ്പം നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ഒആര്‍എസ്, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നീ പാനീയങ്ങളും ഉപയോഗിക്കാം. 

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മല്‍സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദ സഞ്ചാരികള്‍, ചര്‍മ്മ രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. 

പ്രദേശത്തെ യുവി ഇന്‍ഡക്‌സ് നിലവാരം അറിയാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പബ്ലിക് ഡാഷ്‌ബോര്‍ഡ് പരിശോധിക്കാവുന്നതാണ്.

വളരെ പുതിയ വളരെ പഴയ