കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വെവ്വേറെ സ്ഥലങ്ങളിലായി സ്ത്രീ ഉൾപ്പെടെ രണ്ടുപേർക്ക് പാമ്പ് കടിയേറ്റു. താമരശ്ശേരി ചെമ്പ്ര പുലിയാറക്കുന്ന് സ്വദേശി ശില്പ (20), ഉള്ള്യേരി പുതിയോട്ടിൽ സുധീഷ് (42) എന്നിവർക്കാണ് പാമ്പ് കടിയേറ്റത്. താമരശ്ശേരിയിൽ ശനിയാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത് കൈ കഴുകുന്നതിനിടെ വാട്ടർ ടാങ്കിന് സമീപം വെച്ചാണ് ശില്പയ്ക്ക് കടിയേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ശില്പയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഉള്ള്യേരിയിൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സുധീഷിനും വീട്ടുമുറ്റത്ത് വെച്ചാണ് കടിയേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരും ചികിത്സയിൽ തുടരുകയാണ്.
