സംസ്ഥാനത്ത് രാത്രി കാലങ്ങളിൽ അനുഭവപ്പെടുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.
വർദ്ധിച്ചു വരുന്ന ചൂട് കാരണം വൈദ്യുതി ഉപഭോഗത്തിൽ 25 ശതമാനം വർദ്ധനവുണ്ടായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സബ് സ്റ്റേഷനുകളിലെ ഓവർലോഡ് ഒഴിവാക്കാനാണ് 15 മിനിറ്റ് വീതം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ട്രാൻസ്മിഷൻ ലൈനുകളിലെ അമിതഭാരം മൂലം ഗ്രിഡ് തകരാറിലാകുന്നത് ഒഴിവാക്കാനാണ് മുൻകൂട്ടി നിശ്ചയിക്കാത്ത ഈ ക്രമീകരണം.
ദീർഘനേരം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയാൽ തിരികെ വരുമ്പോൾ ഉപകരണങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നത് ട്രാൻസ്ഫോർമറുകൾ കത്തുന്നതിന് കാരണമാകും. ഇത് ഒഴിവാക്കാനാണ് നിയന്ത്രണം 15 മിനിറ്റായി നിശ്ചയിച്ചിരിക്കുന്നത്.
രാത്രി 6 മണി മുതൽ 12 മണി വരെയുള്ള സമയങ്ങളിൽ അനാവശ്യ ലൈറ്റുകൾ, എസി, വാട്ടർ മോട്ടോർ, ഇലക്ട്രിക് വാഹന ചാർജിംഗ് എന്നിവ ഒഴിവാക്കി ഉപഭോഗം കുറയ്ക്കാൻ ഉപഭോക്താക്കൾ തയ്യാറാകണമെന്നും അധികൃതർ അറിയിച്ചു.
