ന്യുഡൽഹി :രാജ്യത്തെ ദേശീയപാതകളിൽ പുതിയ ടോൾ പരിഷ്കാരങ്ങൾ ഇന്ന് (ഏപ്രിൽ 10) മുതൽ നിലവിൽ വന്നു. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ പ്ലാസകളിൽ തടസ്സമില്ലാതെ കടന്നുപോകാൻ ഇനി യുപിഐ (UPI) വഴി പണമടയ്ക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും യാത്ര സുഗമമാക്കാനുമാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഈ നീക്കം.
പുതിയ നിയമപ്രകാരം, പ്രവർത്തനക്ഷമമായ ഫാസ്ടാഗ് ഇല്ലാത്തവർ യുപിഐ വഴി പണമടയ്ക്കുമ്പോൾ സാധാരണ ടോൾ നിരക്കിന്റെ ഒന്നേകാൽ മടങ്ങ് തുക നൽകേണ്ടി വരും. നിശ്ചിത തുക അടയ്ക്കാത്ത പക്ഷം ഗേറ്റ് തുറന്നു നൽകില്ലെന്ന് മാത്രമല്ല, നിയമപ്രകാരം അത്തരം വാഹനങ്ങളെ ഹൈവേയിൽ നിന്ന് മാറ്റി നിർത്താൻ അധികൃതർക്ക് അധികാരവുമുണ്ടാകും.
നിലവിൽ ദേശീയപാതാ അതോറിറ്റിയുടെ ഫാസ്ടാഗ് വാർഷിക പാസ് ഉപയോഗിക്കുന്നവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടിട്ടുണ്ട്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പണമിടപാടുകൾ കുറച്ച് യാത്രാസമയം ലാഭിക്കുക എന്നതാണ് പുതിയ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. അതിനാൽ യാത്രയ്ക്ക് മുൻപായി ഫാസ്ടാഗ് കൃത്യമായി റീചാർജ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ അധികൃതർ നിർദ്ദേശിക്കുന്നു.
