തൃശ്ശൂർ:കൂർക്കഞ്ചേരിയിൽ വോട്ട് ചെയ്യാനെത്തിയ യുവതിയെയും കൈക്കുഞ്ഞിനെയും മണിക്കൂറുകളോളം തടഞ്ഞുവെച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കണ്ണംകുളങ്ങര സ്വദേശിനിയായ അക്ഷയയ്ക്കും കുഞ്ഞിനും നേരിടേണ്ടി വന്ന ദുരനുഭവത്തിലാണ് കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ അടിയന്തരമായി വിശദീകരണം നൽകാൻ തൃശ്ശൂർ ജില്ലാ കളക്ടറോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്
ഇടത് കൈയിലെ ചൂണ്ടുവിരലിൽ പരിക്കേറ്റതിനെത്തുടർന്ന് അക്ഷയയെ വോട്ട് ചെയ്യാൻ പ്രിസൈഡിംഗ് ഓഫീസർ ആദ്യം അനുവദിച്ചിരുന്നില്ല.ഉച്ചയ്ക്ക് 1:30-ഓടെ പോളിംഗ് സ്റ്റേഷനിലെത്തിയ അക്ഷയയ്ക്കും കൈക്കുഞ്ഞിനും കടുത്ത ചൂടിൽ മണിക്കൂറുകളോളം പുറത്തുനിൽക്കേണ്ടി വന്നു.
ഒടുവിൽ വിവരം അറിഞ്ഞ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രത്യേക ഉത്തരവിനെത്തുടർന്ന് വൈകുന്നേരം 6 മണിയോടെയാണ് അക്ഷയയ്ക്ക് വോട്ട് രേഖപ്പെടുത്താനായത്.
ചൂണ്ടുവിരലിൽ മഷി പുരട്ടാൻ സാധിക്കാത്ത സാഹചര്യത്തിൽ മറ്റ് വിരലുകൾ ഉപയോഗിക്കാമെന്നിരിക്കെ, പ്രിസൈഡിംഗ് ഓഫീസർ കാണിച്ച കടുംപിടുത്തമാണ് യുവതിയെയും കുഞ്ഞിനെയും വലച്ചത്. കുഞ്ഞിന്റെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന ഗൗരവകരമായ നിരീക്ഷണത്തിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി.
