കണ്ണൂർ: 2021-ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കിയതിന്റെ കൃത്യമായ കണക്കുകളുമായി എൽഡിഎഫ് സർക്കാർ. പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും പൂർത്തീകരിക്കാൻ സർക്കാരിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയത് ഈ സർക്കാരിന്റെ വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, തീരദേശ മേഖലയിലെ പുനർഗേഹം പദ്ധതി വഴി 2682 വീടുകളും 738 ഫ്ലാറ്റുകളും നിർമ്മിച്ചു നൽകി. ഭൂമിയില്ലാത്തവർക്കായി നാലര ലക്ഷത്തിലധികം (4,56,689) പട്ടയങ്ങളാണ് ഈ കാലയളവിൽ വിതരണം ചെയ്തത്. കേരളത്തിൽ നിന്ന് അതിദാരിദ്ര്യം തുടച്ചുനീക്കാൻ സാധിച്ചതും സർക്കാരിന്റെ ഭരണമികവാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓരോ വർഷവും പ്രവർത്തനങ്ങൾ വിലയിരുത്തി ജനങ്ങൾക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിക്കുന്ന രീതിയാണ് സർക്കാർ തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
