തിരുവനന്തപുരം: വിവാഹ ആവശ്യങ്ങൾക്കായി കെഎസ്ആർടിസി ബസുകൾ വാടകയ്ക്കെടുക്കുന്നത് കേരളത്തിൽ പുതിയ തരംഗമാകുന്നു. സാമ്പത്തിക വ്യത്യാസമില്ലാതെ സാധാരണക്കാരും സമ്പന്നരും ഒരുപോലെ ആനവണ്ടിയെ വിവാഹ യാത്രകൾക്കായി ആശ്രയിക്കുന്നതായാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിവാഹ ബുക്കിംഗുകളിൽ ഇത്തവണ ഇരട്ടി വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി ആരംഭിച്ച പാക്കേജ് ട്രിപ്പുകളാണ് കല്യാണ വിപണിയിൽ ബസുകൾക്ക് പ്രിയമേറാൻ കാരണമായത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 205 ബസുകൾ മാത്രമാണ് വിവാഹ ആവശ്യങ്ങൾക്കായി പോയതെങ്കിൽ, ഈ വർഷം ഏപ്രിലിൽ അത് 500 കടന്നു. കഴിഞ്ഞ ഞായറാഴ്ച മാത്രം പത്തനംതിട്ട ജില്ലയിൽ നിന്ന് 17 ബസുകളും ആലപ്പുഴയിൽ നിന്ന് അഞ്ച് ബസുകളും പ്രത്യേക സർവീസ് നടത്തി. ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ ബുക്കിംഗ് ലഭിക്കുന്നത്.
കുറഞ്ഞ വാടക നിരക്കാണ് കെഎസ്ആർടിസിയെ ആകർഷകമാക്കുന്നത്. സ്വകാര്യ ബസുകൾക്ക് വലിയ തുക നൽകേണ്ടി വരുന്ന സ്ഥാനത്ത് കെഎസ്ആർടിസി ഓഡിനറി ബസുകൾക്ക് 3600 രൂപ മുതലാണ് വാടക ആരംഭിക്കുന്നത്. ഓഡിനറി ബസുകൾക്കാണ് ആവശ്യക്കാർ കൂടുതലെങ്കിലും ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, ലോ ഫ്ലോർ ബസുകളും ലഭ്യമാണ്. അതത് ഡിപ്പോകളിലെ ബസുകളുടെ ലഭ്യത അനുസരിച്ചാണ് വാടക നിശ്ചയിക്കുന്നത്.
