
കോഴിക്കോട് ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർത്ഥിനിക്ക് നേരെ കല്ലെറിഞ്ഞ് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണകുമാർ എന്നയാളാണ് പിടിയിലായത്. ലഹരി ഉപയോഗിച്ച ശേഷമാണ് ഇയാൾ ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം മുപ്പതാം തീയതിയായിരുന്നു സംഭവം നടന്നത്.
ആലുവ യു സി കോളേജിലെ പിജി വിദ്യാർത്ഥിനിയായ ഐശ്വര്യ ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെ ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ വെച്ച് പ്രതി കല്ലെറിയുകയായിരുന്നു. ജനൽ വഴി തെറിച്ചുവന്ന കല്ല് ഐശ്വര്യയുടെ മുഖത്ത് പതിച്ച് താടിയെല്ല് തകരുകയും രണ്ട് പല്ലുകൾ നഷ്ടമാവുകയും ചെയ്തു.
ചുണ്ടിന് ആഴത്തിൽ മുറിവേറ്റ വിദ്യാർത്ഥിനി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിക്കുകൾ കാരണം ശരിയായി ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴും ഐശ്വര്യ. ഈ അപകടം കാരണം വിദ്യാർത്ഥിനിക്ക് തന്റെ സർവകലാശാല പരീക്ഷകളും നഷ്ടമായിട്ടുണ്ട്.