Zygo-Ad

ഒന്നാം ക്ലാസ് പ്രവേശനം; പ്രായപരിധി ഈ വര്‍ഷവും അഞ്ച് വയസ്സ് തന്നെ

 


തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി ഈ അധ്യയനവർഷവും അഞ്ചുവയസ്സായി തന്നെ തുടരും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രായപരിധി ആറുവയസ്സായി ഉയർത്താൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും, കേരള വിദ്യാഭ്യാസ ചട്ടം (KER) മുൻനിർത്തി പഴയ രീതി തന്നെ തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ആറുവയസ്സ് നിബന്ധന നടപ്പിലാക്കിയാൽ സ്കൂളുകളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ കുറവുണ്ടാകുമെന്നും, അത് അധ്യാപകരുടെ ജോലിസ്ഥിരതയെ ബാധിക്കുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒന്നാംക്ലാസ്സിലെ പ്രവേശനത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. 2025-ൽ മാത്രം 16,500 കുട്ടികളുടെ കുറവാണ് ഉണ്ടായത്. പ്രായപരിധി ആറുവയസ്സാകുമെന്ന് കരുതി കുട്ടികളെ വീണ്ടും അങ്കണവാടികളിലും യു.കെ.ജി ക്ലാസുകളിലും ഇരുത്താൻ തയ്യാറെടുത്തിരുന്ന രക്ഷിതാക്കൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വലിയ ആശ്വാസമാണ്.

മേയ് രണ്ടുമുതൽ വിദ്യാലയങ്ങളിൽ പ്രവേശന നടപടികൾ ആരംഭിക്കും. മതിയായ രേഖകൾ ഹാജരാക്കാൻ സാധിക്കാത്തവർക്ക് താൽക്കാലിക പ്രവേശനം അനുവദിക്കും. ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി ലഭിക്കും. പ്രവേശനത്തിന്റെ പേരിൽ യാതൊരുവിധ പരീക്ഷകളും നടത്താനോ ഫീസ് ഈടാക്കാനോ പാടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.


 

വളരെ പുതിയ വളരെ പഴയ