തിരുവല്ല: കന്നിവോട്ടിന് സമ്മാനമായി ഹൽവ ലഭിച്ചില്ലെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിക്ക് മധുരമേറിയ മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കോട്ടയം ബസേലിയസ് കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ ആരോൺ ഫിലിപ്പ് ജേക്കബിനാണ് (19) തപാൽ വഴി ഹൽവ എത്തിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം തനിക്ക് ലഭിക്കേണ്ട ഹൽവ കിട്ടിയില്ലെന്ന് കാട്ടി ആരോൺ തിരഞ്ഞെടുപ്പ് കമ്മീഷന് ഇമെയിൽ വഴി പരാതി അയച്ചിരുന്നു.
നെടുമ്പ്രം അമിച്ചകരി സ്വദേശിയായ ആരോൺ നിലവിൽ കോട്ടയം ദേവലോകം അരമന ക്യാമ്പസിലാണ് താമസിക്കുന്നത്. പരാതി ഗൗരവകരമായി എടുത്ത കമ്മീഷൻ ഇന്നലെ സ്പീഡ് പോസ്റ്റ് വഴി ഹൽവ പാഴ്സലായി അയച്ചു നൽകുകയായിരുന്നു. കന്നിവോട്ടർമാരെ പ്രോത്സാഹിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രചാരണങ്ങളുടെ ഭാഗമായാണ് ഈ നടപടി. കമ്മീഷന്റെ വേഗതയേറിയ ഇടപെടലിൽ വലിയ സന്തോഷമുണ്ടെന്ന് ആരോൺ പറഞ്ഞു.
