തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. വ്രതശുദ്ധിയോടെ വലിയ നോമ്പ് നോൽക്കുന്ന വിശ്വാസികൾക്ക് ഇത് ആത്മീയ സമർപ്പണത്തിന്റെയും പ്രാർത്ഥനയുടെയും ദിനമാണ്. കേരളത്തിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും യേശുവിന്റെ അന്ത്യയാത്രയെ അനുസ്മരിപ്പിക്കുന്ന ‘കുരിശിന്റെ വഴി’ ശുശ്രൂഷകളും ഇന്ന് നടക്കും.
തലസ്ഥാന നഗരിയിൽ പാളയത്ത് രാവിലെ 6.30-ന് നടക്കുന്ന സംയുക്ത കുരിശിന്റെ വഴി ശ്രദ്ധേയമാകും. കർദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ, ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, ബിഷപ്പ് തോമസ് തറയിൽ എന്നിവർ ഇതിൽ പങ്കുചേരും. പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ വിശേഷാൽ ശുശ്രൂഷകൾക്ക് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നേതൃത്വം നൽകും. ഉച്ചകഴിഞ്ഞ് പള്ളികളിൽ നടക്കുന്ന കയ്പുനീർ പാനീയ വിതരണത്തോടെ പീഡാനുഭവ സ്മരണകൾ പൂർത്തിയാകും.
