Zygo-Ad

കേരളത്തിന്‍റെ ജനമനസറിയാൻ ഇനി നാല് നാൾ മാത്രം; എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവരും

 


കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ആകാംക്ഷയോടെ കാത്തിരിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ എക്സിറ്റ് പോളുകൾ പുറത്തുവിടുന്നതിനുള്ള നിയന്ത്രണങ്ങൾ അവസാനിക്കും.

ഇന്ന് വൈകിട്ട് ആറരയോടെ വിവിധ സർവേ ഏജൻസികളുടെ കണ്ടെത്തലുകൾ പുറത്തുവന്നു തുടങ്ങും. എൻഡിടിവി, ഇന്ത്യ ടുഡെ, ടൈംസ് നൗ, ന്യൂസ് എക്സ്, റിപ്പബ്ളിക് ടിവി, ന്യൂസ് 18 തുടങ്ങിയ ദേശീയ മാധ്യമങ്ങൾ എക്സിറ്റ് പോൾ വിശകലനങ്ങൾ സംപ്രേഷണം ചെയ്യും. മാട്രിസ്, വിഎംആർ, സി വോട്ടർ, ജെവിസി, പോൾസ്ട്രോറ്റ്, ജൻകി ബാത്ത്, വോട്ട് വൈബ് തുടങ്ങിയ ഏജൻസികളുടെ പ്രവചനങ്ങളാണ് ഇന്ന് പ്രധാനമായും പുറത്തുവരുന്നത്. അക്സിസ് മൈ ഇന്ത്യ കേരളത്തിലെയും ആസാമിലെയും ഫലങ്ങൾ ഇന്ന് നൽകിയേക്കും. ടുഡെയ്സ് ചാണക്യ നാളെ ഫലങ്ങൾ പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

മാർച്ച് പതിനഞ്ചിന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിൽ, കേരളം, പുതുച്ചേരി, ആസാം എന്നിവിടങ്ങളിൽ ഏപ്രിൽ 9-ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നിരുന്നു. തമിഴ്നാട്ടിൽ ഏപ്രിൽ 23-നാണ് വോട്ടെടുപ്പ് നടന്നത്. കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അവസാന ഘട്ട സർവേകൾ പ്രവചിച്ചത്. തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക.


വളരെ പുതിയ വളരെ പഴയ