Zygo-Ad

മുഖ്യമന്ത്രി പദവും പകുതി സീറ്റുകളും; ബിജെപി ഓഫർ തള്ളി വിജയ്, തമിഴ്‌നാട് ഡൽഹിക്ക് കീഴടങ്ങില്ലെന്ന് വെളിപ്പെടുത്തൽ

 


ചെന്നൈ: തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ്ക്ക് ബിജെപി വമ്പൻ വാഗ്ദാനങ്ങൾ നൽകിയെന്ന വെളിപ്പെടുത്തലുമായി പാർട്ടി നേതാവ് ആധവ് അർജുന. നിയമസഭാ തിരഞ്ഞെടുപ്പിൽ പകുതി സീറ്റുകളും വിജയിക്ക് രണ്ടര വർഷം മുഖ്യമന്ത്രി പദവുമാണ് ബിജെപി വാഗ്ദാനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ "തമിഴ്‌നാട് ഒരിക്കലും ഡൽഹിക്ക് മുന്നിൽ കീഴടങ്ങില്ല" എന്ന് പ്രഖ്യാപിച്ച് വിജയ് ഈ ഓഫർ നിരസിച്ചതായും ആധവ് വെളിപ്പെടുത്തി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ 234 സീറ്റുകളിലും ടിവികെ ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ബിജെപിയുമായി ഇത്തരമൊരു ചർച്ച നടത്തിയിട്ടില്ലെന്നാണ് വിജയ്‌യുടെ ഔദ്യോഗിക പ്രതികരണം.

രജനീകാന്ത് വിവാദം: മാപ്പ് പറഞ്ഞ് ആധവ് അർജുന

സൂപ്പർ താരം രജനീകാന്തിനെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ ആധവ് അർജുന മാപ്പപേക്ഷിച്ചു. ഡിഎംകെ കുടുംബത്തിൽ നിന്നുള്ള ഭീഷണിയെത്തുടർന്നാണ് രജനീകാന്ത് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയതെന്ന ആധവിന്റെ പ്രസ്താവന വലിയ രാഷ്ട്രീയ കൊടുങ്കാറ്റായിരുന്നു സൃഷ്ടിച്ചത്. ഇതിനെതിരെ രജനീകാന്ത് നേരിട്ട് രംഗത്തെത്തുകയും "മറുപടി നൽകാൻ കാലം കാത്തിരിക്കുന്നു" എന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും രജനീകാന്തിന് വിഷമമുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ആധവ് വ്യക്തമാക്കിയത്.

പിന്തുണയുമായി എടപ്പാടി പളനിസ്വാമി

രജനീകാന്തിനെതിരെയുള്ള പരാമർശത്തെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി രൂക്ഷമായി വിമർശിച്ചു. രാഷ്ട്രീയത്തിനപ്പുറം എല്ലാവരും ആദരിക്കുന്ന വ്യക്തിത്വമാണ് രജനീകാന്തിയെന്നും അദ്ദേഹത്തെ കളങ്കപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പളനിസ്വാമി പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയതെന്നും ആ തീരുമാനത്തെ ബഹുമാനിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

 

വളരെ പുതിയ വളരെ പഴയ