കൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആൻ്റണി രാജുവിന് കേരള ഹൈക്കോടതിയിൽ നിന്ന് വൻ തിരിച്ചടി. കേസിൽ തനിക്ക് ലഭിച്ച ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആൻ്റണി രാജുവിൻ്റെ ആവശ്യം കോടതി തള്ളി. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് മത്സരിക്കാൻ കഴിയില്ലെന്ന് ഉറപ്പായി.
ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ മാറ്റം വരുത്തി പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ആൻ്റണി രാജുവിനെതിരെയുള്ളത്. കേസിൽ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത നീക്കാനാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഹർജി തള്ളിയതോടെ ഇടതുമുന്നണിയിലെ പ്രമുഖ നേതാവായ ആൻ്റണി രാജുവിൻ്റെ രാഷ്ട്രീയ ഭാവി പ്രതിസന്ധിയിലായിരിക്കുകയാണ്. വിധി വന്നതോടെ അദ്ദേഹം പ്രതിനിധീകരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ളണ് തിരക്കിലാണ് മുന്നണി നേതൃത്വം
