കണ്ണൂർ: രാജ്യത്ത് പാചകവാതക വിതരണത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ എല്ലാ ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾക്കും ബയോമെട്രിക് ആധാർ അധിഷ്ഠിത ഇ-കെ.വൈ.സി (e-KYC) കേന്ദ്ര പെട്രോളിയം മന്ത്രാലയം നിർബന്ധമാക്കി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ പരിഗണിച്ചാണ് ഈ അടിയന്തര നടപടി.
പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായതോടെ ഹുർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതാണ് ഇന്ത്യയിൽ എൽ.പി.ജി ക്ഷാമത്തിന് പ്രധാന കാരണമായത്. പ്രതിസന്ധി രൂക്ഷമായതോടെ പാചകവാതക വിലയിലും വൻ വർധനയുണ്ടായി. ഗാർഹിക സിലിണ്ടറിന് (14.2 കിലോ) 60 രൂപ വർധിച്ച് ഡൽഹിയിൽ വില 913 രൂപയായി. വാണിജ്യ സിലിണ്ടറിന് (19 കിലോ) 115 രൂപയാണ് വർധിപ്പിച്ചത്; ഇതോടെ പുതിയ വില 1,884.50 രൂപയിലെത്തി.
ഉപഭോക്താക്കൾക്ക് തങ്ങളുടെ ഓയിൽ കമ്പനികളുടെ മൊബൈൽ ആപ്പും 'ആധാർ ഫേസ് ആർ.ഡി' ആപ്പും ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ബയോമെട്രിക് വെരിഫിക്കേഷൻ പൂർത്തിയാക്കാം. സഹായത്തിനായി 1800-2333-555 എന്ന ടോൾ ഫ്രീ നമ്പറിലോ വിതരണക്കാരെയോ ബന്ധപ്പെടാവുന്നതാണ്.
ക്ഷാമം മുതലെടുത്ത് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വർധിച്ചതോടെ കർശന നടപടികളുമായി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. കർണാടകയിലെ കെംഗേരിയിൽ അനധികൃതമായി സിലിണ്ടറുകൾ ശേഖരിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ ഗ്യാസ് ഏജൻസികൾക്ക് സുരക്ഷ വർധിപ്പിക്കുകയും പോലീസുകാർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
