ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിൽ ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ സുപ്രീം കോടതി നീക്കം ചെയ്തു. ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ വിചാരണയെ ദോഷകരമായി ബാധിക്കുമെന്ന പരാതിക്കാരിയുടെ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ഹൈക്കോടതി വിധിയിലെ നാല് ഖണ്ഡികകളാണ് സുപ്രീം കോടതി നീക്കം ചെയ്തത്. തനിക്കെതിരെയുള്ള പരാമർശങ്ങൾ കേസിന്റെ സ്വാഭാവികമായ വിചാരണയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യത്തിൽ ഇടപെടാൻ കോടതി തയ്യാറായില്ല. പരാതിക്കാരിയുടെ ആവശ്യങ്ങൾ ഭാഗികമായി അംഗീകരിച്ചുകൊണ്ട് ഹർജി സുപ്രീം കോടതി തീർപ്പാക്കി.
