കൊച്ചി: റംസാൻ കാലത്ത് സാധാരണക്കാരുടെ കുടുംബ ബജറ്റ് ഭദ്രമാക്കാൻ ലക്ഷ്യമിട്ട് പ്രത്യേക വിപണന പദ്ധതിയുമായി സപ്ലൈകോ. 'റംസാൻ നിലാവ്' എന്ന് പേരിട്ടിരിക്കുന്ന സ്പെഷ്യൽ കിറ്റിലൂടെ 15 ഇനം അവശ്യസാധനങ്ങളാണ് കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നത്. വിപണിയിൽ ഏകദേശം 1,018 രൂപ വില വരുന്ന ഉൽപ്പന്നങ്ങൾ വെറും 786 രൂപയ്ക്കാണ് സപ്ലൈകോ ഉപഭോക്താക്കൾക്ക് നൽകുന്നത്.
ശബരി ബ്രാൻഡിന്റെ അപ്പം പൊടി, പുട്ടുപൊടി, വിവിധയിനം മസാലപ്പൊടികൾ (ചിക്കൻ, മീറ്റ്, മല്ലി, മുളക്, കാശ്മീരി മുളക്, കുരുമുളക്), പഞ്ചസാര, റവ, ചായപ്പൊടി എന്നിവയ്ക്ക് പുറമെ ഏലക്കായ, അണ്ടിപ്പരിപ്പ്, ജീരകം തുടങ്ങിയവയും കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 20 വരെയാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ഈ പ്രത്യേക ഓഫർ ലഭ്യമാകുക. ഉത്സവകാലത്തെ വിലക്കയറ്റം തടയാൻ സപ്ലൈകോയുടെ ഈ ഇടപെടൽ സഹായകമാകുമെന്നാണ് വിലയിരുത്തൽ
