Zygo-Ad

'ജി സുധാകരന്റെത് ചെറ്റത്തരം; കെ സുധാകരന്റെത് നല്ല സമീപനം; തളിപ്പറമ്പില്‍ പി.കെ ശ്യാമളയെക്കാള്‍ നല്ല സ്ഥാനാര്‍ഥിയില്ല' - മുഖ്യമന്ത്രി


കൊച്ചി: പാര്‍ട്ടി വിട്ട ജി സുധാകരന്‍ കാണിച്ചത് ചെറ്റത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ നിഘണ്ടുവില്‍ അതിന് പകരം മറ്റൊരു വാക്കില്ല.

അദ്ദേഹം കാണിച്ചത് വഞ്ചനയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധാകരനെതിരെ പിണറായിയുടെ രൂക്ഷ വിമര്‍ശനം.

 കെ സുധാകരന്‍ സ്വീകരിച്ച പാര്‍ട്ടിക്ക് വിധേയനായ രീതി നല്ലതാണെന്നും തളിപ്പറമ്പില്‍ പികെ ശ്യാമള നല്ല സ്ഥാനാര്‍ഥിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പലരും രണ്ട് ടേമിന്റെ ഭാഗമായി മാറിയിട്ടുണ്ട്. അതില്‍ ഒരാളാണ് സുധാകരന്‍. അദ്ദേഹത്തിന് എന്തോ പ്രത്യേകത ഉണ്ടെന്നാണ് അദ്ദേഹം കരുതുന്നത്. 

പാര്‍ട്ടിക്ക് എല്ലാവരും സമന്‍മാരാണ്. പാര്‍ട്ടിക്ക് മുന്‍ഗണന നല്‍കുന്ന കാര്യത്തില്‍ കെ സുധാകരന്‍ സ്വീകരിച്ചതാണ് നല്ല നിലപാട്. ഹൈക്കമാന്‍ഡ് തീരൂമാനം അദ്ദേഹം അംഗീകരിച്ചു. 

സ്ഥാനാര്‍ഥിത്വം കിട്ടാത്തതുമായി പല അഭ്യൂഹങ്ങളും നാട്ടില്‍ പരന്നെങ്കിലും താന്‍ പാര്‍ട്ടിക്ക് വിധേയനാണെന്ന് അദ്ദേഹം പറഞ്ഞു. അത് നല്ലകാര്യമാണ്. അതാണ് പാര്‍ട്ടിക്കാര്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജി സുധാകരന്‍ കാണിച്ചത് എത്ര വലിയ ചെറ്റത്തരമാണ്. അതിന് വേറെ വാക്കില്ല തന്റെ നിഘണ്ടുവില്‍. വഞ്ചനയക്ക് ഇതില്‍പ്പരം വിശേഷണം വേറെയുണ്ടോ. എത്ര വലിയ പാതകമാണ് അദ്ദേഹം ചെയ്തത്. ഗൂഢാലോചന നടത്തി മറ്റൊരു ഭാഗത്തിന്റെ സ്ഥാനാര്‍ഥിയായി എത്തുകയായിരുന്നു. 

പാര്‍ട്ടിക്ക് അദ്ദേഹത്തെ പറ്റി നല്ല വിശ്വാസം ഉണ്ടായിരുന്നു. ഉറച്ച പാര്‍ട്ടിക്കാരനായതു കൊണ്ട് മറ്റൊരു തരത്തിലേക്ക് പോകുമെന്ന് കരുതിയില്ല. എന്നാല്‍ ആ ഘട്ടത്തിലൊക്കെ ഇതിനു വേണ്ടിയുള്ള കളമൊരുക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തളിപ്പറമ്പില്‍ ഒരു വനിത മത്സരിക്കട്ടെയെന്ന് പാര്‍ട്ടി തീരുമാനിച്ചത്. അവിടെ അതിന് പറ്റിയ ആരെന്ന് പരിശോധിച്ചപ്പോള്‍ നല്ല സ്ഥാനാര്‍ഥിയായി എല്ലാവരും പറഞ്ഞത് പികെ ശ്യാമളെയെയാണ്. 

ഒരു ആലോചനയില്‍പ്പോലും ടി.കെ ഗോവിന്ദന്റെ പേര് ആരും പറഞ്ഞില്ല. അതിന് വല്ലാതെ കെറുവിക്കേണ്ട കാര്യമുണ്ടോ. ടികെ ഗോവിന്ദന്റെ അധപതനത്തില്‍ പാര്‍ട്ടി ലജ്ജിക്കുകയാണ്.

കഴിഞ്ഞ പത്തു വര്‍ഷം എല്ലാം കൊണ്ടും തൃപ്തികരമാണ്. ജനങ്ങള്‍ ഈ പത്തുവര്‍ഷക്കാലം നല്ല കാലമായിട്ടാണ് കണക്കാക്കുന്നത്. അവര്‍ക്ക് പ്രധാനം ശാന്തിയും സമാധാനവുമാണ്. 

നല്ല സമാധാനപരമായ വര്‍ഷങ്ങളാണ് ഉണ്ടായത്. പാര്‍ട്ടി എന്താണോ ആഗ്രഹിക്കുന്നത് അത് സ്വീകരിക്കുക എന്നതാണ് തങ്ങളുടെ നില. മറ്റുള്ളവരുടെ അഭിപ്രായത്തിന് വിധേയനാകുകയാണ് താന്‍ ചെയ്യുന്നത്. 

എല്ലാ കാലവും അതാണ് ചെയ്യുന്നത്. പാര്‍ട്ടിയില്‍ ആരും അപ്രമാദിയായി പ്രവര്‍ത്തിക്കുന്നില്ല. മുഖ്യമന്ത്രിയെ പാര്‍ട്ടിയെ തിരുത്തിയിട്ടുണ്ടോയെന്ന് ജനം അറിയേണ്ടതില്ല. അത് ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ