Zygo-Ad

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്; കണ്ണൂരിൽ ടി.ഒ. മോഹനൻ, നേമത്ത് ശബരീനാഥൻ

 


ന്യൂഡൽഹി: ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സിറ്റിംഗ് എം.പിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ്കർശന നിലപാട് സ്വീകരിച്ചതോടെ കെ. സുധാകരനും അടൂർ പ്രകാശും പട്ടികയിൽ നിന്ന് പുറത്തായി. കണ്ണൂരിൽ കെ. സുധാകരന് പകരം മുൻ മേയർ ടി.ഒ. മോഹനനും, കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലും സ്ഥാനാർത്ഥികളാകും.

മറ്റ് പ്രമുഖ മണ്ഡലങ്ങളിലെ സാധ്യതാ പട്ടിക ഇപ്രകാരമാണ്:

 * നേമം: കെ.എസ്. ശബരീനാഥൻ

 * കൊച്ചി: മുഹമ്മദ് ഷിയാസ്

 * നെയ്യാറ്റിൻകര: എൻ. ശക്തൻ

 * വാമനപുരം: സുധീർ ഷാ പാലോട്

 * ആറന്മുള: അബിൻ വർക്കി

 * റാന്നി: പഴകുളം മധു

 * ഇടുക്കി: റോയി കെ. പൗലോസ്

 * ഏറ്റുമാനൂർ: നാട്ടകം സുരേഷ്

എം.പിമാർക്ക് ഇളവ് നൽകാനാവില്ലെന്ന എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിലപാടാണ് സുധാകരന് തിരിച്ചടിയായത്. തർക്കമുള്ള ഏതാനും സീറ്റുകളിൽ ചർച്ച തുടരുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.

അതേസമയം  സീറ്റ് നിഷേധിക്കപ്പെട്ടതിൽ കടുത്ത അമർഷത്തിലുള്ള കെ. സുധാകരൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും. ഹൈക്കമാൻഡ് തീരുമാനത്തിൽ പ്രതിഷേധിച്ച് വർക്കിംഗ് കമ്മിറ്റി അംഗത്വം രാജിവെക്കാനും സ്വതന്ത്രനായി മത്സരിക്കാനും സാധ്യതയുണ്ടെന്നാണ് സൂചനകൾ.

സുധാകരന്റെ അടുത്ത നീക്കങ്ങളെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. അദ്ദേഹം മത്സരരംഗത്തിറങ്ങിയാൽ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് സംഘപരിവാർ കേന്ദ്രങ്ങളിലും ചർച്ചകൾ നടക്കുന്നുണ്ട്. വി.ഡി. സതീശൻ അടക്കമുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളാണ് തനിക്ക് തിരിച്ചടിയായതെന്ന വിലയിരുത്തലിലാണ് സുധാകരൻ ക്യാമ്പ്. അനുനയ നീക്കങ്ങളുമായി ഹൈക്കമാൻഡ് രംഗത്തുണ്ടെങ്കിലും സുധാകരൻ വഴങ്ങുമോ എന്നത് കണ്ടറിയണം.

 

വളരെ പുതിയ വളരെ പഴയ