തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്ക് ശാഖകളിൽ നേരിട്ടെത്തിയുള്ള ഇടപാടുകൾ നാളെ മുതൽ തുടർച്ചയായി മൂന്ന് ദിവസം മുടങ്ങും. സാമ്പത്തിക വർഷത്തിന്റെ തുടക്കം, പെസഹ, ദുഃഖവെള്ളി എന്നിവ പ്രമാണിച്ചാണ് ബാങ്കുകൾക്ക് അവധി വരുന്നത്.
ഏപ്രിൽ ഒന്നിന് (നാളെ) പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കമായതിനാൽ ബാങ്ക് കണക്കെടുപ്പ് (Annual Closing) നടക്കും. അതിനാൽ പൊതുജനങ്ങൾക്ക് നേരിട്ടുള്ള ഇടപാടുകൾ നടത്താൻ സാധിക്കില്ല. ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ യഥാക്രമം പെസഹ വ്യാഴം, ദുഃഖവെള്ളി എന്നിവയുടെ അവധിയാണ്. ഇതോടെ ശനിയാഴ്ച മാത്രമേ ഇനി ബാങ്ക് ശാഖകൾ സാധാരണ നിലയിൽ പ്രവർത്തിക്കുകയുള്ളൂ.
ബാങ്ക് ശാഖകൾക്ക് അവധിയാണെങ്കിലും എടിഎം സേവനങ്ങളും ഓൺലൈൻ ബാങ്കിംഗ് സംവിധാനങ്ങളും തടസ്സമില്ലാതെ ലഭ്യമായിരിക്കും. അത്യാവശ്യ ഇടപാടുകൾ ഉള്ളവർ മുൻകൂട്ടി ക്രമീകരണങ്ങൾ നടത്താൻ ശ്രദ്ധിക്കുക.
