കോഴിക്കോട് : സംസ്ഥാനത്ത് ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ഇതോടെ കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.
പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയമായ വിവരം ലഭിച്ചതായി സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി എന്നിവർ അറിയിച്ചു.
ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്. വിശ്വാസികള്‍ ഇനി ആഘോഷത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ്. പള്ളികളില്‍ നാളെ രാവിലെ പെരുന്നാള്‍ നിസ്കാരം നടക്കും.
പുത്തൻ വസ്ത്രങ്ങളണിഞ്ഞും ദാന ധർമ്മങ്ങള്‍ നിർവ്വഹിച്ചും പരസ്പരം ആശംസകള്‍ കൈമാറിയും വിശ്വാസികള്‍ ഈ ദിനത്തെ വരവേല്‍ക്കും. പെരുന്നാള്‍ നമസ്കാരത്തിന് മുൻപായി ഓരോ വിശ്വാസിയും ഫിത്വ്ര് സകാത്ത് വിതരണം പൂർത്തിയാക്കേണ്ടതുണ്ട്.
ഗസ്സ ഉള്‍പ്പെടെയുള്ള ലോകത്തെ വിവിധ ഭാഗങ്ങളിലെ മുസ്ലിം ജനത അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഗണിച്ച് പ്രാർത്ഥനാനിർഭരമായി വേണം പെരുന്നാള്‍ ആഘോഷിക്കാനെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.
പെരുന്നാള്‍ വെള്ളിയാഴ്ചയായതിനാല്‍ പെരുന്നാള്‍ നിസ്കാരവും ജുമുഅ നിസ്കാരവും വിശ്വാസികള്‍ നിർവഹിക്കണമെന്നും നേതാക്കള്‍ ഓർമപ്പെടുത്തി.
എല്ലാ പ്രിയ വായനക്കാർക്കും ഓപ്പൺ മലയാളം ന്യൂസിന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ
