Zygo-Ad

വയനാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്തായതോടെ അന്വേഷണം

 


കല്പറ്റ: വയനാട് വാളാട് ഹൈസ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജനുവരി 29-ന് നടന്ന സംഭവം, മർദ്ദനത്തിന്റെ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിച്ചതോടെയാണ് പുറംലോകമറിഞ്ഞത്.

സ്‌കൂളിലെ ശുചിമുറിയിൽ വെച്ചാണ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റത്. രണ്ട് സഹപാഠികൾ ചേർന്ന് വിദ്യാർത്ഥിയെ തല്ലിച്ചതയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. മറ്റ് രണ്ട് വിദ്യാർത്ഥികൾ ഈ സമയത്ത് ശുചിമുറിയിൽ കാഴ്ചക്കാരായി നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തെക്കുറിച്ച് അധ്യാപകർക്ക് നേരത്തെ അറിവുണ്ടായിരുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെയാണ് വിവരം ശ്രദ്ധയിൽപ്പെട്ടതെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

വീഡിയോ പരിശോധിച്ച പ്രധാനാധ്യാപകൻ മർദ്ദിച്ച വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും സ്കൂൾ മാനേജ്‌മെന്റും കർശനമായ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. ക്യാമ്പസിനുള്ളിലെ ഇത്തരം അക്രമ സംഭവങ്ങൾ രക്ഷിതാക്കൾക്കിടയിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ