Zygo-Ad

പുനരധിവാസം യാഥാർത്ഥ്യമാകുന്നു; മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള വീടുകളുടെ നറുക്കെടുപ്പ് ഇന്ന്

 


കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ടവർക്കായി സർക്കാർ ഒരുക്കുന്ന കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. പൂർണ്ണമായ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ഗുണഭോക്താക്കൾക്ക് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കാനുള്ള അവസരമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.

ദുരന്തത്തിൽ വീടും സ്ഥലവും പൂർണ്ണമായും നഷ്ടപ്പെട്ടവർക്കാണ് മുൻഗണനാ പട്ടികയിൽ ഒന്നാം സ്ഥാനം. കൽപ്പറ്റ ബൈപാസിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ അതിവേഗം പൂർത്തിയാക്കിയ മോഡൽ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടത്തിൽ 178 വീടുകളാണ് ഗുണഭോക്താക്കൾക്ക് കൈമാറുന്നത്. ഏഴ് സെന്റ് ഭൂമിയിൽ മൂന്ന് കിടപ്പുമുറികളോട് കൂടിയ 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ഓരോ കുടുംബത്തിനും ലഭിക്കുക. ഭാവിയിൽ രണ്ടാം നില പണിയാൻ സാധിക്കുന്ന തരത്തിലാണ് ഇവയുടെ അടിത്തറ നിർമ്മിച്ചിരിക്കുന്നത്.

റോഡുകൾ, കുടിവെള്ള സംവിധാനം, അങ്കണവാടി, കമ്മ്യൂണിറ്റി സെന്റർ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയാണ് ടൗൺഷിപ്പ് ഒരുക്കിയിട്ടുള്ളത്. ഫെബ്രുവരി 25-ന് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം നിർവ്വഹിക്കും. ആകെ 327 ഗുണഭോക്താക്കൾക്ക് വരാനിരിക്കുന്ന കാലവർഷത്തിന് മുൻപായി സുരക്ഷിതമായ വീടുകൾ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വയനാടിന്റെ മണ്ണിൽ പ്രത്യാശയുടെ പുതിയ വെളിച്ചമാണ് ഈ ടൗൺഷിപ്പെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.



വളരെ പുതിയ വളരെ പഴയ