കേരളത്തില്‍ കനത്ത ചൂടിന് ആശ്വാസമായി മഴ എത്തുന്നു. മധ്യ, തെക്കന്‍ ജില്ലകളില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഫെബ്രുവരി 19-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഫെബ്രുവരി 20-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നേരിയത് മുതല്‍ മിതമായ തോതില്‍ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ഇന്ത്യന്‍ മഹാസമുദ്രത്തിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം ഫേസ്ബുക്കില്‍ കുറിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം, സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ കഴിഞ്ഞ ദിവസം മഴ പെയ്തിരുന്നു. തെക്കൻ ശ്രീലങ്ക തീരത്തിന് വളരെ അകലയായി നിലനില്‍ക്കുന്ന വെതർ സിസ്റ്റമാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നത്.
ഇടി മിന്നല്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടു കഴിഞ്ഞാല്‍ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
